കീഴ്‌വഴക്കം തിരുത്തി സുധാകര്‍ റെഡ്ഡി മൂന്നാം അങ്കത്തിന്

കൊല്ലം: രണ്ട് തവണ വരെയാണ്  സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഒരാള്‍ തുടരുകയെന്ന കീഴ്‌വഴക്കം തിരുത്തി സുധാകര്‍ റെഡ്ഡി.  മതേതര ഇടതുപാര്‍ട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായിരിക്കും താന്‍ പ്രധാന്യം നല്‍കുകയെന്ന് മൂന്നാം തവണയും സിപിഐ ജനറല്‍  സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സുധാകര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
2012ല്‍ പട്‌നയില്‍ നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറിയാവുന്നത്. 2015ലെ പുതുച്ചേരിയിലും ഇത് ആവര്‍ത്തിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ അദ്ദേഹം സ്ഥാനമൊഴിയുമെന്ന് കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റെഡ്ഡിക്ക് ഒരു അവസരം കൂടി നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് സുധാകര്‍ റെഡ്ഡി രാഷ്ട്രീയരംഗത്ത് എത്തുന്നത്. വെങ്കിടേശ്വര സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് എഐഎസ്എഫില്‍ സജീവമായി. ബിഎ പാസായശേഷം ഉസ്മാനിയ സര്‍വകലാശാലയില്‍ നിയമപഠനത്തിന് ചേര്‍ന്നു. കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വിശാഖപട്ടണത്ത് ഉരുക്കുശാല സ്ഥാപിക്കാന്‍വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ സുധാകര്‍ റെഡ്ഡിയും ഉണ്ടായിരുന്നു. എല്‍എല്‍എം പഠനശേഷം എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റി. സി കെ ചന്ദ്രപ്പന്‍ എഐവൈഎഫ് ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് സുധാകര്‍ റെഡ്ഡി എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് സുധാകര്‍ റെഡ്ഡി എഐവൈഎഫ് പ്രസിഡന്റും സി കെ ചന്ദ്രപ്പന്‍ ജനറല്‍ സെക്രട്ടറിയുമായി ഒരേ കാലം പ്രവര്‍ത്തിച്ചു.
1968ലാണ് സുധാകര്‍ റെഡ്ഡി ദേശീയ നേതൃത്വത്തിലേക്ക് വരുന്നത്. അന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തോറ്റാണ് തുടക്കം. 1985ലും 1990ലും ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1994ല്‍ ധോണ്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി വിജയ ഭാസ്‌കര റെഡ്ഡിയോടാണ് തോറ്റത്. 1998ല്‍ നല്‍ഗൊണ്ടയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ലും വിജയം ആവര്‍ത്തിച്ചു. അക്കാലത്ത് പാര്‍ലമെന്റിന്റെ തൊഴില്‍ സ്റ്റാന്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ലോക്‌സഭാംഗമായിരിക്കേ, അസംഘടിത തൊഴില്‍ മേഖല, സ്‌കൂള്‍ ഉച്ചഭക്ഷണം, ആരോഗ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. 2ജി അഴിമതി, സ്വിസ് ബാങ്കിലെ കള്ളപ്പണം എന്നിവ സംബന്ധിച്ച പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും സുധാകര്‍ റെഡ്ഡിയാണ്. പന്ത്രണ്ടും പതിനാലും ലോക്‌സഭകളില്‍ അംഗമായിരുന്നു.
ആന്ധ്രയിലെ മെഹബൂബ് നഗര്‍ ജില്ലയിലെ ആലംപൂര്‍ കുഞ്ച്‌പോട് ഗ്രാമത്തില്‍ തെലങ്കാന സമരപോരാളിയായ സുരവരം വെങ്കിടരാമറെഡ്ഡിയുടെ മകനാണ്. കര്‍ണൂലിലായിരുന്നു വിദ്യാഭ്യാസം. വര്‍ക്കിങ് വിമന്‍സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ ബി വി വിജയലക്ഷ്മിയാണ് ഭാര്യ.

RELATED STORIES

Share it
Top