കീഴ്‌ക്കോടതി ജഡ്ജിമാരുടെ നിയമനം : വന്‍ പരിഷ്‌കാരങ്ങളുമായി സുപ്രിംകോടതിന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ മേഖലയിലെ നിയമനപ്രക്രിയയില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനു വന്‍ പരിഷ്‌കാരങ്ങളുമായി സുപ്രിംകോടതി. കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ സ്വജനപക്ഷപാതവും അനര്‍ഹര്‍ കടന്നുകൂടുന്നത് ഒഴിവാക്കാനുമുള്ള നീക്കങ്ങളാണ് കോടതി ആരംഭിച്ചിരിക്കുന്നത്. ഇതിനായി അഖിലേന്ത്യാ തലത്തില്‍ ജഡ്ജിമാരുടെ നിയമനത്തിനായി പൊതുപ്രവേശന പരീക്ഷ നടപ്പാക്കാനാണു സുപ്രിംകോടതി തീരുമാനിച്ചിരിക്കുന്നത്. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും സുപ്രിംകോടതി നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ സമയാസമയങ്ങളില്‍ നികത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും സാധിക്കാതെവരികയും ജഡ്ജി നിയമനത്തില്‍ സ്വജനപക്ഷപാതം നടക്കുന്നതായി ആരോപണം ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി ഒരു കേന്ദ്രീകൃത സെലക്ഷന്‍ സംവിധാനത്തെ ക്കുറിച്ച് ആലോചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ തലത്തില്‍ കേന്ദ്ര ഏജന്‍സിയുടെ കീഴില്‍ ഒരു പൊതുപരീക്ഷ നടക്കും. ഈ ഏജന്‍സി യോഗ്യത അനുസരിച്ച് ലിസ്റ്റ് തയ്യാറാക്കി അതില്‍ നിന്നു നിയമനം നടത്തുകയാണു ചെയ്യുക. ഇതുസംബന്ധിച്ചു കേന്ദ്ര നിയമമന്ത്രാലയം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസുമാരായ എ കെ ഗോയല്‍, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ചു സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിര്‍ദേശം തേടി നോട്ടീസ് അയച്ചത്. വാദത്തിനിടെ, ഈ വ്യവഹാരം ഫെഡറല്‍ സംവിധാനത്തിലുള്ള കടന്നുകയറ്റമാവില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, സംസ്ഥാനങ്ങളുടെ ഒരു അധികാരവും തങ്ങള്‍ എടുക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 30നു മുമ്പ് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളോ വി—യോജിപ്പുകളോ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രാലയത്തിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിലെ സെക്രട്ടറി സ്‌നേഹലത ശ്രീവാസ്തവ, സുപ്രിംകോടതിയിലെ സെക്രട്ടറി ജനറല്‍ രവീന്ദ്ര മൈതാനിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു കോടതിയുടെ തീരുമാനം. സിബിഎസ്ഇ നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ മാതൃകയില്‍ നടത്താമെന്നാണു മന്ത്രാലയം നല്‍കുന്ന ശുപാര്‍ശ. പരീക്ഷ യുപിഎസ്‌സിയെ ഏല്‍പ്പിക്കാമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കു തങ്ങള്‍ക്കു താല്‍പര്യമുള്ള ഏതെങ്കിലും പ്രത്യേക ഹൈക്കോടതിക്ക് കീഴില്‍ സേവനം ചെയ്യാനുള്ള മുന്‍ഗണന നിശ്ചയിക്കാനുള്ള അവസരം നല്‍കാമെന്നും നിയമമന്ത്രാലയം നിര്‍ദേശം വയ്ക്കുന്നുണ്ട്. ബാങ്കിങ് റിക്രൂട്ട്‌മെന്റ് സേവനദാതാക്കളായ ഐബിപിഎസ് മാതൃക അനുകരിക്കാവുന്നതാണെന്നും പ്രത്യേകം റിക്രൂട്ട്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താമെന്നും മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. ഹൈക്കോടതികളില്‍ നിന്നുള്ള പ്രതിനിധികളും മറ്റു നിയമ വിദഗ്ധരുമടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നിര്‍ദേശിക്കുന്നയാളോ ആവണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്.

RELATED STORIES

Share it
Top