കീഴൂര്‍- എടക്കാനം റോഡ് ശോച്യാവസ്ഥ; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ഇരിട്ടി: ഇരിട്ടിയില്‍ നിന്നു കീഴൂര്‍ വഴി എടക്കാനം ചേളത്തൂര്‍ വരെ നീളുന്ന അഞ്ചു കിലോമീറ്റര്‍ റോഡ് കാല്‍നട യാത്രപോലും ദുഷ്‌കരമായ രീതില്‍ പൊട്ടിപ്പൊളിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. അഞ്ചുവര്‍ഷത്തില്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന വ്യവസ്ഥ കരാറുകാര്‍ പാലിക്കാത്തതാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറോടെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു.
പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2007ല്‍ 1.65 കോടി രൂപ ചെലവില്‍ ചന്ദ്രഗിരി കണ്‍സ്ട്രക്്ഷ കമ്പനിയായിരുന്നു കാരാര്‍ എടുത്തിരുന്നത്. റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം 5 വര്‍ഷത്തെ അറ്റകുറ്റപ്പണിയും ഇവര്‍ തന്നെ ചെയ്യണമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ പ്രവൃത്തിക്കായി 22,44,000 രൂപയും കാരാര്‍ പ്രകാരം അനുവദിച്ചിരുന്നു. എന്നാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന് 2 വര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരു മാസത്തിനുള്ളില്‍ തന്നെ റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി. കഴിഞ്ഞ ഡിസംബറില്‍ കരാര്‍വ്യവസ്ഥ പ്രകാരമുള്ള അഞ്ചു വര്‍ഷക്കാലത്തെ അവധി കഴിയുന്നതിനു മുമ്പ് അറ്റകുറ്റപ്പണി നടത്തുമെന്ന കരാറുകാരന്റെ ഉറപ്പും ലംഘിക്കപ്പെട്ടു.
പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ച ഇരിട്ടി-കീഴൂര്‍-എടക്കാനം റോഡ് പ്രവൃത്തി നിശ്ചിത കാലവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന്‍ കാണിച്ച അലംഭാവമാണ് റോഡ് ശോച്യാവസ്ഥയ്ക്കു കാരണമെന്നും പിഎംജിഎസ്‌വൈ പദ്ധതി പ്രകാരമുള്ള റോഡ് പ്രവൃത്തിയായതിനാല്‍ നേരിട്ട് ഈ റോഡിന് ഫണ്ട് അനുവദിക്കുന്നതിലുള്ള നിയമപരമായ സാങ്കേതിക തടസ്സമാണ് നിലനില്‍ക്കുന്നതെന്നും ഇതേ റോഡിന്റെ ഭാഗമായ പിഎംജിഎസ്‌വൈ പദ്ധതി പ്രകാരമുള്ള റോഡ് ഒഴിച്ച് ഇരിട്ടി നേരംപോക്ക്-കീഴൂര്‍ അമ്പലം വരെയും എടക്കാനം ചേളത്തൂര്‍ മുതല്‍ പഴശ്ശി ഡാം റോഡും നവീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് 36 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായും അധികൃതര്‍ പറയുന്നു. നൂറു കണക്കാനാളുകള്‍ ഉപയോഗിക്കുന്ന റോഡില്‍ ഓട്ടോറികള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്താന്‍ വിസമ്മതിക്കുകയാണ്. ആകെയുള്ള വാഹന സര്‍വീസായ ജനകീയ ബസും റോഡ് ശോച്യാവസ്ഥ കാരണം സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ്. റോഡ് ശോച്യാവസ്ഥയും യാത്രാദുരിതവും സംബന്ധിച്ചു
ജില്ലാ കലക്ടര്‍ക്കും ജില്ലാ പഞ്ചായത്തിനും ഉള്‍പ്പെടെ നിരവധി തവണ നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനാലാണ് ജനകീയ പ്രക്ഷോഭമാരംഭിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top