കീഴുപറമ്പ് മൃഗാശുപത്രിക്ക് നാഥനില്ല: ദുരിതംപേറി ക്ഷീരകര്‍ഷകര്‍

അരീക്കോട്:  കീഴുപറമ്പ് മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാതെയായതോടെ ക്ഷീര കര്‍ഷകര്‍ ദുരിതത്തിലായി. നിലവിലെ ഡോക്ടര്‍ പ്രസവാവധിക്കായി പോയിട്ട് നാല് മാസമായി.15 കിലോമീറ്റര്‍ ദുരെയുള്ള വാഴക്കാട് മുണ്ടുമുഴിയിലെ ഡോക്ടര്‍ക്കാണ് കീഴുപറമ്പിന്റെ അധിക ചുമതല. ഇദ്ദേഹം ഇടക്കിടെ വന്ന് ഓഫിസ് ആവശ്യങ്ങള്‍ നിര്‍വഹിക്കുകയെന്നല്ലാതെ ക്ഷീര കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ഇല്ല. സാമ്പത്തിക വര്‍ഷവസാനമായതോടെ ക്ഷീരകര്‍ഷകര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍  ആശുപത്രിക്ക് നാഥനില്ലാതെയായതോടെ യഥാസമയം ആനുകൂല്യം ലഭ്യമാവുന്നില്ല.കീഴുപറമ്പില്‍  അര കിലോമീറ്റര്‍ ദൂരപരിധിയില്‍ മൃഗാശുപത്രിയും സബ് സെന്ററും നിലവിലുണ്ടെങ്കിലും ഇവ രണ്ടും അധിക ദിവസവും അടഞ്ഞ് കിടക്കുകയാണ്. കുനിയില്‍ നെല്ലേരികുന്നിലാണ് മൃഗാശുപത്രിയുള്ളത്. അരകിലോമീറ്റര്‍ ദൂരത്തില്‍  ഏന്ത്രത്തുള്ള സബ് സെന്റര്‍ കൂടുതല്‍ സമയവും അടഞ്ഞ് തന്നെ. ആശുപത്രിയിലും സബ് സെന്ററിലും കൃത്യമായി ജീവനക്കാര്‍ ഇല്ലാതെയായതോടെ കീഴുപറമ്പിലെ ക്ഷീര കര്‍ഷകര്‍ ഊര്‍ങ്ങാട്ടീരി, പന്നിക്കോട് മൃഗാശുപത്രികളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം കുനിയില്‍ പ്രസവാനന്തരം തുടര്‍ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് പശു ചത്തിരുന്നു. ഇന്‍ഷുറന്‍സും അനുബന്ധ നഷ്ടപരിഹാരവും ലഭിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമായിരുന്നുവെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് കുനിയില്‍ അരിയാണിപോറ്റയിലെ അബ്ദു എന്ന ക്ഷീര കര്‍കന് 50000 രൂപയുടെ നഷ്ടമാണുണ്ടായത്. പ്രാഥമിക പരിശോധന നടത്താന്‍പോലും കീഴുപറമ്പ് മൃഗാശുപത്രിയിലെയും സബ് സെന്ററിലേയും ജീവനക്കാര്‍ തയ്യാറായില്ല. മൃഗാശുപുത്രിയും സബ്‌സെന്ററും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ സബ്‌സെന്റര്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ 2016 ആഗസ്റ്റില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ ഉത്തരവിറക്കിയതാണ്. ഇത് നടപ്പിലാക്കാനും ബന്ധപെട്ടവര്‍ തയ്യാറാവുന്നില്ല

RELATED STORIES

Share it
Top