കീഴുദ്യോഗസ്ഥര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍

കല്‍പ്പറ്റ: സ്വകാര്യ ആശുപത്രിയുടെ മൊബൈല്‍ ഐസിയു ആംബുലന്‍സിന് നിരത്തിലിറങ്ങാനുള്ള അനുമതി നിഷേധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്നലെ കല്‍പ്പറ്റയിലെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ നജീബ് കീഴുദ്യോഗസ്ഥരെ കുടഞ്ഞു. മോട്ടോര്‍വാഹന വകുപ്പിന്റേതുള്‍പ്പെടെയുള്ള  വാഹനങ്ങളിലെ നിയമവിരുദ്ധ സ്റ്റിക്കറുകളും ചട്ടലംഘനങ്ങളും ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ടിഒയെയും സഹപ്രവര്‍ത്തകരെയും ചൂണ്ടിക്കാട്ടി. അനുവദനീയമായതിലും കൂടുതല്‍ സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് ആംബുലന്‍സിന് അനുമതി നല്‍കാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം.
കഴിഞ്ഞ ദിവസം ലക്കിടിയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് എത്തിക്കാന്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സ് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. നേരം വൈകി സാധാരണ ആംബുലന്‍സിലാണ് രോഗിയെ കോഴിക്കോട് എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ 55 മിനിറ്റുകൊണ്ടെങ്കിലും രോഗിയെ കോഴിക്കോട്ട് എത്തിച്ച് വിദഗ്ധ ചികില്‍സയ്ക്ക് വിയേമാക്കിയില്ലെങ്കില്‍ സ്ഥിതി മോശമാവുമെന്നാണ് കല്‍പ്പറ്റയിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടത്. ആര്‍ടിഒയുടെ അനുമതി ഇല്ലാതിരുന്നതിനാല്‍ തങ്ങളുടെ ആംബുലന്‍സ് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ പരാതി പ്രകാരം കോഴിക്കോട് നിന്ന് എത്തിയ ഡെപ്യൂട്ടി കമ്മീഷണര്‍ മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനങ്ങളിലടക്കം അനുവദനീയമായതിലും കൂടുതല്‍ സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നതു കല്‍പ്പറ്റ ആര്‍ടി ഓഫിസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. കൂളിങ് ഗ്ലാസ് നിയമവിരുദ്ധമാണെന്നിരിക്കെ, അവ ഒട്ടിച്ച സര്‍ക്കാര്‍ വാഹനങ്ങളും കലക്ടറേറ്റ് പരിസരത്ത് ഉണ്ടായിരുന്നു. ഇവയെല്ലാം ഡെപ്യൂട്ടി കമ്മീഷണര്‍ കാമറയില്‍ പകര്‍ത്തി. ഉടന്‍ തന്നെ ആംബുലന്‍സിന് അനുമതി നല്‍കണമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതനുസരിച്ച് പിഴ ഇല്ലാതെ തന്നെ ആംബുലന്‍സിന് അനുമതി നല്‍കി.

RELATED STORIES

Share it
Top