കീഴാറ്റൂര്‍ വയല്‍ സമരം: 11 പേരെ സിപിഎം പുറത്താക്കി

തളിപ്പറമ്പ്: ബൈപാസ് റോഡിനു വേണ്ടി വയല്‍ നികത്താനുള്ള ശ്രമത്തിനെതിരേ പ്രതിഷേധമുയര്‍ന്ന കീഴാറ്റൂരില്‍ സമരത്തെ പിന്തുണച്ച 11 പേരെ സിപിഎം പുറത്താക്കി. കീഴാറ്റൂര്‍ വടക്ക്, സെന്‍ട്രല്‍ ബ്രാഞ്ചുകളിലുള്ളവര്‍ക്കെതിരേയാണ് നടപടി. ഇവരോട് പാര്‍ട്ടി നേരത്തെ വിശദീകരണം തേടിയിരുന്നു.നേരത്തേ കീഴാറ്റൂരിലെ വയല്‍കിളികള്‍ പോലിസ് വിലക്ക് ലംഘിച്ച് പരിസ്ഥിതി സെമിനാറും സമര വാര്‍ഷികാഘോഷവും സംഘടിപ്പിച്ചിരുന്നു.
സിപിഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം പി പ്രസാദാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരിലാണ് വയല്‍കിളികളുടെ പരിപാടിക്കു പോലിസ് അനുമതി നിഷേധിച്ചത്. വയല്‍ക്കിളി സമരം നടക്കുന്ന പരിസരത്ത് സിപിഎമ്മിന് വടക്ക്, സെന്‍ട്രല്‍ എന്നിങ്ങിനെ രണ്ടു ബ്രാഞ്ച് കമ്മിറ്റികളാണുള്ളത്. സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 15ല്‍ ഒമ്പതുപേരും വടക്ക് ബ്രാഞ്ച് കമ്മിറ്റിയിലെ 11ല്‍ രണ്ടുപേരും സമരക്കാര്‍ക്കൊപ്പമാണ്.സമരത്തില്‍ നിന്ന് പിന്‍മാറാന്‍ പാര്‍ട്ടിയംഗങ്ങളോട് നേരത്തേ സിപിഎം ആവശ്യപ്പെട്ടിരുന്നു. സമരം മാധ്യമങ്ങളില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയപ്പോള്‍ തന്നെ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം ഇടപെട്ട് സമരക്കാരെ തള്ളിപ്പറയുകയും അനുരഞ്ജന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സമരത്തില്‍ നിന്നു ഇവര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് 11 പേരോടും സിപിഎം വിശദീകരണം തേടി. സെന്‍ട്രല്‍ ബ്രാഞ്ചില്‍ നിന്നും വടക്ക് ബ്രാഞ്ചില്‍ നിന്നും ഓരോരാള്‍ വീതമാണു വിശദീകരണം നല്‍കിയത്.ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് സിപിഎം തള്ളിയിരുന്നു. ബാക്കിയുള്ളവര്‍ വിശദീകരണം നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. സെന്‍ട്രല്‍ ബ്രാഞ്ചിലെ സി ശശി, എം ബൈജു, ബിജു, രാഹുല്‍, പ്രിന്‍സ്, ബാലന്‍, രാമകൃഷ്ണന്‍, രജിത്ത്, ബി ഗോവിന്ദന്‍ എന്നിവരെയാണ് പുറത്താക്കിയത്. വടക്ക് ബ്രാഞ്ചിലെ കെ വി ബാലകൃഷ്ണന്‍, ലാലു പ്രസാദ് എന്നിവരെയും പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടപടി റിപോര്‍ട്ട് ചെയ്യാന്‍ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തെങ്കിലും വയല്‍കിളി പക്ഷത്തുള്ള ഒമ്പതുപേരും പങ്കെടുത്തില്ല. എന്നാല്‍ ബാക്കിയുള്ള അംഗങ്ങള്‍ മുമ്പാകെ പുറത്താക്കല്‍ നടപടി വിശദീകരിച്ച ശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നു. ഏരിയാ, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വടക്ക് ബ്രാഞ്ച് യോഗം ഇന്നലെ വൈകീട്ട് ചേര്‍ന്ന് ബാലകൃഷ്ണനെയും ലാലുവിനെയും പുറത്താക്കാനുള്ള തീരുമാനം റിപോര്‍ട്ട് ചെയ്തു. അതേസമയം, കീഴാറ്റൂര്‍ വയല്‍ വഴി തന്നെ ബൈപാസ് നിര്‍മിക്കുകയാണെങ്കില്‍ സമരം ശക്തമാക്കാനാണ് വയല്‍കിളികളുടെ തീരുമാനം.

RELATED STORIES

Share it
Top