കീഴാറ്റൂര്‍ വയലില്‍ അരങ്ങേറിയത് യുദ്ധസമാനമായ രംഗങ്ങള്‍

തളിപ്പറമ്പ്: കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പിനാല്‍ സമൃദ്ധമായ കീഴാറ്റൂര്‍ വയലില്‍ ഇന്നലെ അരങ്ങേറിയത് മണിക്കൂറുകള്‍ നീണ്ട യുദ്ധസമാനമായ നാടകീയ രംഗങ്ങള്‍. ഒരുഭാഗത്ത് വയലും തണ്ണീര്‍ത്തടവും നഷ്ടപ്പെടുന്നതിനെതിരേ ചെറുത്തുനില്‍പ്പിനെത്തിയത് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വയല്‍ക്കിളി പ്രവര്‍ത്തകര്‍.
എന്നാല്‍, മറുചേരിയില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സര്‍വ സന്നാഹത്തോടെ എത്തിയ പോലിസും മാത്രമായിരുന്നില്ല. ഇവരെ സഹായിക്കാന്‍ സിപിഎം പ്രവര്‍ത്തകരും ഒപ്പംകൂടി. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. പോലിസും സിപിഎം പ്രവര്‍ത്തകരും സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ നേരിട്ടപ്പോള്‍ സര്‍വേ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി. ചരിത്രവിജയത്തില്‍ കലാശിച്ച മുംബൈയിലെ ഐതിഹാസികമായ കര്‍ഷക മാര്‍ച്ചില്‍ അഭിമാനിക്കുന്ന സിപിഎം, പക്ഷെ വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കാന്‍ ജനകീയ സമരം നടത്തിയവരെ ആക്രമിക്കുന്ന കാഴ്ചകള്‍ക്കും കീഴാറ്റൂര്‍ സാക്ഷിയായി. വയലില്‍ സര്‍വേ നടത്താന്‍ പോലിസ് സുരക്ഷയില്‍ ഇന്നലെ രാവിലെ അധികൃതര്‍ എത്തിയിരുന്നു. തുടര്‍ന്നാണ് സമരക്കാര്‍ ശക്തമായ പ്രതിഷേധവുമായി വയലിലേക്ക് ഇറങ്ങിയത്. ഇത് കര്‍ഷകരുടെ വയലാണെന്നും പോലിസും ദേശീയപാതാ ഉദ്യോഗസ്ഥരും പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിരോധം തീര്‍ത്തു. സര്‍വേ നടത്തിയാല്‍ ഉടന്‍ തീകൊളുത്തി ജീവനൊടുക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. വയല്‍ക്കിളി സമരത്തിന് നേതൃത്വം നല്‍കിയിരുന്ന നമ്പ്രാടത്ത് ജാനകി ചെങ്കൊടി കെട്ടിയ വടിയുമായി വയലില്‍ നിലയുറപ്പിച്ചു. അവരുടെ കൈവശം പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയും ഉണ്ടായിരുന്നു. സമരനേതാവ് സൂരേഷ് കീഴാറ്റൂര്‍, സി മനോഹരന്‍, ലല്ലുപ്രസാദ് തുടങ്ങിയവരും മുന്നില്‍നിനിന്ന് മുദ്രാവാക്യം മുഴക്കി. ഇവരുടെ കൈവശവും ഉണ്ടായിരുന്നു മണ്ണെണ്ണ നിറച്ച കുപ്പികള്‍. കൊയ്ത്ത് കഴിഞ്ഞ് പാടത്ത് ശേഷിച്ചിരുന്ന വൈക്കോല്‍ കൂനകള്‍ക്ക് സമരക്കാര്‍ തീകൊളുത്തി.
തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സിഐമാരായ എം പി ആസാദ്, വി വി ലതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം നിലയുറപ്പിച്ചു. വയലില്‍നിന്ന് പോലിസ് മാറിയില്ലെങ്കില്‍ ദേഹത്ത് തീകൊളുത്തുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ പോലിസ് സംഘം ഇവിടെനിന്ന് മാറി റോഡിലെ പന്തലില്‍ നിലയുറപ്പിച്ചു.
ഫയര്‍ഫോഴ്‌സും എത്തിയെങ്കിലും അവരെയും വയലില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. ഡോ. പ്രവീണിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും അഡീഷനല്‍ തഹസില്‍ദാര്‍ സുജാത ഉള്‍പ്പെടെയുള്ള ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ കലക്്ടറുമായി ചര്‍ച്ച നടത്താമെന്നും സമരത്തില്‍നിന്ന് പിന്‍മാറണമെന്നും ഡിവൈഎസ്പി വേണുഗോപാല്‍ സുരേഷ് കീഴാറ്റൂരിനെ വിളിച്ച് അഭ്യര്‍ഥിച്ചു. എന്നാല്‍, ഏതു ചര്‍ച്ചക്കും തങ്ങള്‍ തയ്യാറാണെന്നും വയല്‍ സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അതിനാല്‍ സര്‍വേ നിര്‍ത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇക്കാര്യം റവന്യൂ അധികൃതര്‍ കലക്ടറെ അറിയിച്ചെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല. കടുത്ത വെയിലില്‍ ഉച്ചവരെ എന്തും സംഭവിക്കാവുന്ന സ്‌ഫോടനാത്മകമായ സ്ഥിതി. ഇതിനിടെ, സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സമരക്കാരെ കൂകി വിളിച്ചു. എന്നാല്‍, വയല്‍ക്കിളികള്‍ പിന്മാറിയില്ല. മുദ്രാവാക്യം വിളികളുമായി അവര്‍ ഉറച്ചുനിന്നു. ഈ സമയം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സമരത്തിന് പിന്തുണയുമായി എത്തി. പോലിസുമായുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനു ശേഷം സമരക്കാര്‍ അറസ്റ്റിന് വഴങ്ങി. ശാന്തമായ അന്തരീക്ഷമൊരുക്കി പോലിസ് പിരിഞ്ഞുപോകവെയാണ് പൊടുന്നനെ സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തലിന് തീയിട്ടത്. എതിര്‍ക്കാന്‍ ശ്രമിച്ചവരെ സംഘടിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു.
സര്‍വേ നടപടികളില്‍ ഉറച്ചുനിന്ന ദേശീയപാത അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തതിനു ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി. വയല്‍ഭൂമി അളന്ന് സര്‍വേക്കല്ല് സ്ഥാപിച്ചു. സമരം അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും നീക്കം നടത്തിയതായി വയല്‍ക്കിളികള്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top