കീഴാറ്റൂര്‍: മുഖ്യമന്ത്രി ഡല്‍ഹിക്ക്

തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യുടെ സാധ്യത തേടി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും. നാളെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഗഡ്കരിയെ കാണുമെന്നാണ് അറിയുന്നത്. ബൈപാസ് നിര്‍മാണം അനുവദിക്കാനാവില്ലെന്ന നിലപാടെടുത്ത് വയല്‍ക്കിളികള്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഒരുങ്ങുന്നത്. കൂടിക്കാഴ്ചയ്ക്കു മുഖ്യമന്ത്രി അനുവാദം ചോദിച്ച കാര്യം നിതിന്‍ ഗഡ്കരിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
കീഴാറ്റൂരില്‍ ആകാശപാത നിര്‍മിക്കാനുള്ള സാധ്യത തേടി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഗഡ്കരിക്കും ദേശീയപാതാ അതോറിറ്റി ചെയര്‍മാനും കത്തയച്ചിരുന്നു. മേല്‍പാത സംബന്ധിച്ച് കേന്ദ്രം പുനപ്പരിശോധനയ്ക്കു തയ്യാറാണെന്ന് നിതിന്‍ ഗഡ്കരിയും അറിയിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. കീഴാറ്റൂരില്‍ പാടം നികത്തിക്കൊണ്ടുള്ള ബൈപാസ് നിര്‍മാണത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. അലൈന്‍മെന്റ് മാറ്റാനുള്ള അധികാരവും ദേശീയപാതാ അതോറിറ്റിക്കാണുള്ളത്. വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരരീതി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വയല്‍ക്കിളികള്‍. നന്ദിഗ്രാമുമായി ബന്ധമില്ലെന്ന് ആണയിടുമ്പോഴും ദേശീയവിഷയമായി കീഴാറ്റൂര്‍ മാറുന്നതിനെ പാര്‍ട്ടി ഭയപ്പെടുന്നുണ്ട്.
കഴിഞ്ഞദിവസം 'കേരളം കീഴാറ്റൂരിലേക്ക്' എന്ന ആഹ്വാനവുമായി സംഘടിപ്പിക്കപ്പെട്ട ജനകീയ പ്രതിഷേധം വന്‍വിജയമായിരുന്നു. വിഷയത്തില്‍ സിപിഐയും കടുത്ത നിലപാടെടുത്തു. ഇതോടെ സിപിഎം കൂടുതല്‍ ഒറ്റപ്പെട്ടു. സിപിഎം നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്നാണ് സിപിഐ വ്യക്തമാക്കിയത്. ഇതിനിടെ, നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കാനുള്ള നീക്കവും നടക്കുകയാണ്. യുഡിഎഫും ബിജെപിയും സമരത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. സമരത്തിനു കൂടുതല്‍ ജനകീയശ്രദ്ധ നേടാനായി മഹാരാഷ്ട്ര മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുന്ന കാര്യവും വയല്‍ക്കിളികള്‍ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് ആരംഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ പരുങ്ങലിലാവും. സമരത്തിന് അനുദിനം വന്നുചേരുന്ന സ്വീകാര്യതയും നിലപാടില്‍ അയവു വരുത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനിടെ, വയല്‍ക്കിളികള്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് സമരനേതാവ് സൂചന നല്‍കിയതും സിപിഎമ്മിന് തലവേദനയാവും. എരണ്ടകളും കഴുകന്‍മാരും ചെങ്ങന്നൂര്‍ ആകാശത്ത് പറക്കാതിരിക്കട്ടെ എന്നാണ് സുരേഷ് കീഴാറ്റൂര്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതിനിടെ, സമരത്തിനെതിരേ പരിഹാസവുമായി മന്ത്രി ജി സുധാകരന്‍ ഇന്നലെയും രംഗത്തെത്തി. വയലില്‍ പണിയെടുക്കാത്ത വി എം സുധീരന്‍, ഷിബു ബേബിജോണ്‍, സുഗതകുമാരി, സാറാ ജോസഫ് എന്നിവര്‍ കീഴാറ്റൂരിലെത്തിയത് എങ്ങനെയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതാ ബൈപാസ് നാട്ടുകാര്‍ക്ക് വേണ്ടെങ്കില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, കീഴാറ്റൂര്‍ സമരത്തെ മുതലെടുക്കുന്നവര്‍ക്ക് എതിരേയാണ് തന്റെ വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി ചിലര്‍ കീഴാറ്റൂരില്‍ തങ്ങളുടെ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം ചെയ്യുന്നത് കോണ്‍ഗ്രസ്സുകാരാണെന്ന് സുധാകരന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top