കീഴാറ്റൂര്‍: ബൈപാസ് 3ഡി വിജ്ഞാപനം മരവിപ്പിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപോര്‍ട്ട് നിലനില്‍ക്കെ വിശാലമായ വയലിലൂടെ തന്നെ ദേശീയപാത ബൈപാസ് നിര്‍മിക്കാന്‍ പുറപ്പെടുവിച്ച അലൈന്‍മെന്റിന്റെ 3ഡി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു.
ബൈപാസിനെതിരേ സമരത്തിലുള്ള വയല്‍ക്കിളി നേതാക്കളെ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അടുത്തമാസം ആദ്യം വയല്‍ക്കിളി നേതാക്കളുമായി ദേശീയപാതാ അധികൃതര്‍ ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അധികൃതര്‍ക്ക് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് 3ഡി വിജ്ഞാപനം മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണു വിവരം. മൂന്ന് (എ) വിജ്ഞാപനപ്രകാരം അളന്നു കല്ലിട്ട സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുത്തി ജൂലൈ 13നായിരുന്നു 3ഡി വിജ്ഞാപനം പുറത്തിറക്കിയത്. എന്നാല്‍, വയലിലൂടെയുള്ള ദേശീയപാതാ പദ്ധതിയെ എതിര്‍ക്കുന്ന റിപോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിക്കുകയുണ്ടായി. ദേശീയപാതാ വികസനത്തിന് കീഴാറ്റൂര്‍ വയല്‍ ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്നാണ് മന്ത്രാലയത്തിലെ റിസര്‍ച്ച് ഓഫിസറായ ജോണ്‍ ജോസഫ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. ഈ റിപോര്‍ട്ട് പരിഗണിക്കാതെ 3ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് 3ഡി വിജ്ഞാപനം താ ല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഉപരിതല ഗതാഗത വകുപ്പ് നിര്‍ബന്ധിതരായത്. പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനിയിലൂടെ ദേശീയപാതാ അലൈ ന്‍മെന്റ് മാറ്റിയതും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ഉപരിതല മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നേരത്തെയുള്ള അലൈന്‍മെന്റ് പ്രദേശത്തെ എംപിയുടെയും ഒരു എംഎല്‍എയുടെയും ഇടപെടലിനെ തുടര്‍ന്നാണ് പട്ടികജാതി കോളനിവഴിയാക്കിയതെന്നാണ് ആരോപണം. ഇതിനെതിരേ കോളനി നിവാസികള്‍ സമരത്തിലാണ്.

RELATED STORIES

Share it
Top