കീഴാറ്റൂര്‍ കേന്ദ്ര വനം-പരിസ്ഥിതി സംഘം സന്ദര്‍ശിക്കും

തളിപ്പറമ്പ്: നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടക്കുന്ന കീഴാറ്റൂര്‍ കേന്ദ്ര വനം-പരിസ്ഥിതി സംഘം സന്ദര്‍ശിക്കും. റിസര്‍ച്ച് ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പരിസ്ഥിതി ആഘാതപഠനം നടത്താന്‍ വേണ്ടിയാണ് മെയ് 3, 4 തിയ്യതികളില്‍ സന്ദര്‍ശിക്കുക. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നാണു സൂചന.
വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശത്തെ കര്‍ഷക കൂട്ടായ്മ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബിജെപി നടത്തിയ റാലി നേരത്തേ വിവാദമായിരുന്നു.
പാര്‍ട്ടി ഗ്രാമത്തിലെ സമരത്തില്‍ കൈക്കൊണ്ട നിലപാട് കാരണം പ്രതിരോധത്തിലായ സിപിഎം അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരും ദേശീയപാത അതോറിറ്റിയുമാണെന്നു പറഞ്ഞ് കൈയൊഴിഞ്ഞിരുന്നു. ഇതോടെ തീരുമാനം കേന്ദ്രസര്‍ക്കാരിനു വിട്ടെന്ന പ്രതീതി ഉണ്ടാക്കിയതോടെ ബിജെപി കുരുക്കിലായി. വയല്‍ നികത്താതെ ആകാശപാത നിര്‍മിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി.
തുടര്‍ന്ന് ഭൂമി ഏറ്റെടുത്ത സംസ്ഥാനസര്‍ക്കാരിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചതോടെ പ്രതിരോധത്തിലായ ബിജെപി ഒടുവിലത്തെ തന്ത്രമെന്ന നിലയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ പരിശോധനയ്‌ക്കെത്തിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം അലൈന്‍മെന്റ് റദ്ദാക്കി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിക്കാനാണു സാധ്യത. ഏതായാലും വയല്‍ക്കിളികള്‍ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്.

RELATED STORIES

Share it
Top