കീഴാറ്റൂര്‍ അത്രിക്രമത്തില്‍ വ്യാപക പ്രതിഷേധം

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തുന്നതിനെതിരേ സമരം ചെയ്തവരെ പോലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതിലും സമരപ്പന്തല്‍ കത്തിച്ച സിപിഎം നടപടിയിലും പ്രതിഷേധം വ്യാപകം.
ജനകീയ സര്‍ക്കാരെന്ന് അവകാശപ്പെടുന്നവര്‍ സാധാരണക്കാരന്റെ കൃഷിയിടങ്ങളും വീടുകളും കൈക്കലാക്കി ബിഒടി മുതലാളിമാര്‍ക്ക്് കൊള്ളലാഭം കൊയ്യാന്‍ അവസരം നല്‍കുകയാണെന്ന് എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി കെ സുധീര്‍കുമാര്‍, ഹാഷിം ചേന്ദാംമ്പിള്ളി, ഡോ. ഡി സുരേന്ദ്രനാഥ്, അനൂപ് ജോണ്‍ ഏരിമറ്റം സംസാരിച്ചു. കര്‍ഷകരെയും പ്രദേശവാസികളെയും അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്ന് എസ്്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി വിലയിരുത്തി. ജനാധിപത്യ സമരങ്ങളെ അക്രമത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. കര്‍ഷകരോടും കര്‍ഷക സമരങ്ങളോടുമുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കീഴാറ്റൂര്‍ അതിക്രമത്തില്‍ ജില്ലാ പരിസ്ഥിതി സമിതി പ്രതിഷേധിച്ചു. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ശക്തമായ സമരങ്ങള്‍ക്ക് തയ്യാറാവണം. സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്നതായും സമിതി അറിയിച്ചു. കീഴാറ്റൂരിലെ ജനാധിപത്യ പ്രതിഷേധങ്ങളെ അഗ്‌നിയില്‍ ദഹിപ്പിക്കുന്ന സിപിഎം സമീപനം പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. മഹാരാഷ്ട്രയില്‍ തൊഴിലാളിപക്ഷം ചേര്‍ന്ന് സമരം ചെയ്യുന്നവര്‍ കീഴാറ്റൂരില്‍ കോര്‍പറേറ്റുകള്‍ക്ക് വിടുപണി ചെയ്യുന്നത് അത്യന്തം അപകടകരമാണ്. ഇങ്ങനെയെങ്കില്‍ കേരളം ബംഗാളാവാന്‍ അധികകാലം വേണ്ടി വരില്ലെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, എസ് എ പി സലാം
ചന്ദ്രന്‍ മാസ്റ്റര്‍, ടി കെ മുഹമ്മദലി, സൈനുദ്ദീന്‍ കരിവെള്ളൂര്‍, സി മുഹമ്മദ് ഇംതിയാസ്, എന്‍ എം ശഫീഖ്, ബെന്നി ഫെര്‍ണാണ്ടസ്, ഷാഹിന ലത്തീഫ്, സി കെ മുനവിര്‍ സംസാരിച്ചു. കര്‍ഷകക്ഷേമത്തിന് സായുധസമരങ്ങള്‍ വരെ നയിച്ച സിപിഎം കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചതിലൂടെ സ്വന്തം ചരിത്രത്തിനാണ് തീ കൊളുത്തിയതെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സമരപ്പന്തല്‍ കത്തിച്ച ശേഷം ചെങ്കാടിയുമായി വയലില്‍ ആഹ്ലാദനൃത്തം ചവിട്ടിയവര്‍ സിംഗൂരും നന്തിഗ്രാമും മറക്കരുത്. ത്രിപുരയിലെ വന്‍ വീഴ്ചയില്‍നിന്ന് കേരളത്തിലെ സിപിഎം ഒരു പാഠവും പഠിച്ചിട്ടില്ലെന്നത് ദുഖകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ കെ ഫിറോസ്, സെക്രട്ടറി പി എം ഷെറോസ്, ടി പി ഇല്യാസ്, കെ എം അശ്ഫാഖ്, എം ബി എം ഫൈസല്‍ സംസാരിച്ചു.

RELATED STORIES

Share it
Top