കീഴാറ്റൂരില്‍ ആകാശ പാത പ്രായോഗികമല്ല: മുഖ്യമന്ത്രി

കണ്ണൂര്‍: വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ സമരം നടക്കുന്ന തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി തന്നെ ദേശീയപാത ബൈപാസ് നിര്‍മിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി. കീഴാറ്റൂരില്‍ ആകാശ പാത പ്രായോഗികമല്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ധര്‍മടം മണ്ഡലത്തില്‍ അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന മമ്പറം പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം നല്‍കി ഭൂമി ഏറ്റെടുക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റു ചില സംസ്ഥാനങ്ങളില്‍ ദേശീയപാതയ്ക്ക് ഒരു കിലോമീറ്റര്‍ സ്ഥലമേറ്റെടുക്കാന്‍ 65 ലക്ഷം രൂപ മാത്രം ചെലവ് വരുമ്പോള്‍ കേരളത്തില്‍ അത് ആറുകോടിയാണ്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുമായി ചെറിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് കേരളം. ഈ സാഹചര്യത്തില്‍ കിലോമീറ്ററിന് 142 കോടി ചെലവ് വരുന്ന എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രാലയവും ദേശീയപാത അതോറിറ്റിയും അംഗീകരിക്കില്ല.
നാടിന്റെ പൊതുനന്‍മ മുന്‍നിര്‍ത്തി പശ്ചാത്തല വികസനം സാധ്യമാക്കുന്നതില്‍ സര്‍ക്കാരിന് വാശിയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ വരുംതലമുറയ്ക്ക് നാട് കൈമാറുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പശ്ചാത്തല സൗകര്യവികസനത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളാരും എതിര്‍ക്കുന്നില്ല. എതിര്‍ക്കുന്നവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്. ചിലരുടെ എതിര്‍പ്പുണ്ടെന്നു കരുതി മാത്രം വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിഷമമുണ്ടാവുക സ്വാഭാവികം. എന്നാല്‍ പൊതുനന്‍മ മുന്‍നിര്‍ത്തി അത് വിട്ടുനല്‍കാനാണ് ജനങ്ങള്‍ തയ്യാറാവേണ്ടത്.
നല്ല പുനരധിവാസ പാക്കേജും നഷ്ടപരിഹാരത്തുകയും നല്‍കി അവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലിസ് നടപടിയിലും സിപിഎം പ്രവര്‍ത്തകരുടെ അതിക്രമത്തിലും കലാശിച്ച വയല്‍ക്കിളി സമരം ഒരുഘട്ടത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണം ചെയ്തിരുന്നു. ശാസ്ത്ര പരിഷത്താണ് എലിവേറ്റഡ് ഹൈവേ അടക്കമുള്ള ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത്. അതേസമയം, കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വയല്‍ക്കിളികള്‍. തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top