കീഴാറ്റൂരിലെ രാഷ്ട്രീയ വിഡ്ഢിത്തം

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്
കീഴാറ്റൂരിലെ വയല്‍ക്കിളികളെ തുരത്താന്‍ സിപിഎം സമരം ആരംഭിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ കൃഷിക്കാരുടെ ആ ചുവപ്പുഗ്രാമം നന്ദിഗ്രാമിനും സിംഗൂരിനുമൊപ്പം കര്‍ഷക സമരചരിത്രത്തിന്റെ ഭാഗമാവുകയാണ്. ബംഗാളില്‍ കൃഷിക്കാരുടെ കൈവശഭൂമി അപഹരിക്കാന്‍ ഇടതുമുന്നണി ഗവണ്‍മെന്റും പാര്‍ട്ടിയും മുമ്പു കൈകോര്‍ത്തതുപോലെ കീഴാറ്റൂരിലും സമാന സമരമുഖമാണ് തുറന്നിട്ടുള്ളത്. ഞായറാഴ്ച നടന്ന വയല്‍ക്കിളികളുടെ മൂന്നാംഘട്ട സമരവും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകരുടെ മാര്‍ച്ചും കൃഷിക്കാരോടും കര്‍ഷകസമരത്തോടുമുള്ള സിപിഎമ്മിന്റെയും പിണറായി ഗവണ്‍മെന്റിന്റെയും നയവൈരുധ്യങ്ങളാണ് തുറന്നുകാട്ടുന്നത്.
ബിജെപിയും ശിവസേനയും ചേര്‍ന്നു ഭരിക്കുന്ന മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടത്തിയ ലോങ് മാര്‍ച്ചിന്റെ വിജയത്തെയും 10 കോടി ഒപ്പ് സംഭരിച്ചുകൊണ്ട് മോദി ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ അഖിലേന്ത്യാ കിസാന്‍സഭ ആരംഭിച്ചിട്ടുള്ള ദേശീയ സമരത്തെയും അപഹാസ്യമാക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും കേരളത്തില്‍.
അതിലേറെ രാഷ്ട്രീയമായി, 1951ല്‍ പാര്‍ട്ടി അംഗീകരിച്ച പരിപാടിയിലെ വിപ്ലവ പാതയുടെ അടിസ്ഥാനം തന്നെ കീഴാറ്റൂര്‍ സമരത്തിന്റെ പേരില്‍ സിപിഎം മണ്ണിട്ടുമൂടുകയാണ്; കര്‍ഷകത്തൊഴിലാളിവര്‍ഗ ഐക്യം വളര്‍ത്തിക്കൊണ്ടല്ലാതെ പാര്‍ട്ടിയുടെ വളര്‍ച്ചയും ലക്ഷ്യവും സാധ്യമല്ലെന്ന പരിപാടിയുടെയും പിന്നീട് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ ആവര്‍ത്തിച്ചുപോന്നിട്ടുള്ള കടമകളുടെയും അടിത്തറ തന്നെ.
വയല്‍ക്കിളികള്‍ എന്ന പേരില്‍ കീഴാറ്റൂരിലെ ദരിദ്ര കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും ദേശീയപാതയുടെ ദിശാമാറ്റത്തിനെതിരേ സമരരംഗത്തിറക്കിയത് സിപിഎം തന്നെയായിരുന്നു. സിപിഎമ്മുകാരനായ സ്ഥലം എംഎല്‍എയും പാര്‍ട്ടി ഏരിയാ നേതൃത്വവും വയല്‍ക്കിളികള്‍ക്കൊപ്പമായിരുന്നു. കൃഷിയിടങ്ങളും പരിസ്ഥിതിയും തകര്‍ക്കുന്നത് ഒഴിവാക്കാന്‍ ദേശീയപാതയുടെ ദിശ മാറ്റണമെന്നതായിരുന്നു അന്നും സമരക്കാരുടെ ആവശ്യം.
സിപിഎമ്മിനോട് രാഷ്ട്രീയവിധേയത്വമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും ബദല്‍ സാധ്യത നിര്‍ദേശിച്ചിരുന്നു. എന്നിട്ടും സമരരംഗത്തുനിന്നു പിന്മാറാന്‍ സിപിഎം നേതൃത്വം നിര്‍ദേശിച്ചു. ബോധ്യപ്പെടാതെ വയല്‍ക്കിളികള്‍ ഉറച്ചുനിന്നു. കൂടിയാലോചിച്ച് അഭിപ്രായസമന്വയത്തിലൂടെ എപ്പോഴോ പരിഹരിക്കാന്‍ കഴിയുമായിരുന്ന കേവലം ഒരു ദിശാമാറ്റ പ്രശ്‌നമാണ് സങ്കീര്‍ണമാക്കിയത്. സംസ്ഥാന ഗവണ്‍മെന്റിന്റെ വികസനപ്രവര്‍ത്തനം തടയാനുള്ള രാഷ്ട്രീയ, സാമ്രാജ്യത്വ ഗൂഢാലോചനയാക്കി മുദ്രകുത്തിയത്. മാവോവാദികളും ഫാഷിസ്റ്റുകളും സിഐഎ പോലുള്ള സാമ്രാജ്യത്വ ഏജന്‍സികളും സമരത്തിനു പിന്നിലുണ്ടെന്ന് നിയമസഭയിലും പുറത്തും ഇതിനായി പ്രചാരണം അഴിച്ചുവിട്ടു. പാര്‍ട്ടി കല്‍പിച്ചിട്ടും കേള്‍ക്കാതെ സമരരംഗത്ത് ഉറച്ചുനിന്ന വയല്‍ക്കിളികള്‍ കീഴാറ്റൂരിനെ കേരളത്തിലെ നന്ദിഗ്രാമോ സിംഗൂരോ ആക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം നേതൃത്വം കുറ്റപ്പെടുത്തി.
യഥാര്‍ഥത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയും അതിനു വേണ്ടി ഒന്നരലക്ഷത്തോളം ലോഡ് മണ്ണിറക്കാന്‍ സമീപദേശങ്ങളിലെ 11ഓളം കുന്നുകള്‍ ഇടിച്ചുനിരത്തിയും ആ മേഖലയിലാകെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് സമരത്തിനാധാരമായ യഥാര്‍ഥ പ്രശ്‌നം. റിയല്‍ എസ്‌റ്റേറ്റ് മാഫിയ രാഷ്ട്രീയ പിന്‍ബലത്തോടെ തങ്ങളുടെ സമാന്തര വ്യാപാര വികസന പദ്ധതികളും നിക്ഷിപ്ത താല്‍പര്യങ്ങളുമായി ഇതിനു പിന്നിലുണ്ടെന്നാണ് സമരനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
കീഴാറ്റൂര്‍ സിപിഎം ശക്തികേന്ദ്രമാണെന്നും അവരില്‍ ചിലര്‍ക്ക് ബൈപാസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് നിയമസഭയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കില്‍ സിപിഎമ്മുകാരായ കൃഷിക്കാര്‍ കീഴാറ്റൂരില്‍ നടത്തുന്ന സമരം തനിക്കു ബോധ്യപ്പെടാത്തതെന്താണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. കൃഷിക്കാരുടെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് സിപിഎം ആവിഷ്‌കരിച്ച നയമുണ്ട്. നന്ദിഗ്രാമിലെയും സിംഗൂരിലെയും കൃഷിഭൂമി ഏറ്റെടുക്കലിനെതിരായ സമരം രൂക്ഷമാവുകയും ദേശീയതലത്തില്‍ ബംഗാളിലെ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ പ്രതിച്ഛായ തകരുകയും ചെയ്ത പശ്ചാത്തലത്തില്‍ 2010ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിപുലീകൃത യോഗം ചേര്‍ന്നാണ് അതു രൂപീകരിച്ചത്. കൃഷിക്കാരുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ ദേശീയാടിസ്ഥാനത്തില്‍ സിപിഎം നേതൃത്വം സ്വീകരിക്കേണ്ട വ്യവസ്ഥകള്‍ അതില്‍ പറയുന്നു: ചെറുകിട കൃഷിക്കാര്‍ക്ക് അവരുടെ കൃഷിഭൂമി മാത്രമാണ് ജീവനോപാധി. വികസനത്തിന്റെ പേരില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നത് ഈ പശ്ചാത്തലത്തില്‍ കൃഷിക്കാരുടെ അടിസ്ഥാന ആവശ്യങ്ങളുടെയും ജീവിതോപാധികളുടെയും മേലുള്ള കടന്നാക്രമണമാണ്. ഇതു മനസ്സില്‍ വച്ച് കൃഷിക്കാരുടെ ഇച്ഛയ്‌ക്കെതിരായി ഫലഭൂയിഷ്ഠമായ കാര്‍ഷികഭൂമി ഏറ്റെടുക്കുന്നതിനെതിരേ കടുത്ത നിലപാടെടുക്കണം.
സിപിഎം ദേശീയനേതൃത്വമെടുത്ത ഈ നിലപാടിന്റെ ബലത്തിലാണ് കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തില്‍ സിപിഎമ്മുകാരായ കൃഷിക്കാര്‍ ദിവസങ്ങളോളം അണിനിരന്നത്; വയലില്‍ ചെങ്കൊടിക്കു കീഴില്‍ സമരപ്പന്തല്‍ ഉയര്‍ത്തിയതും. സര്‍ക്കാര്‍ നയം ഒരു വിഭാഗത്തിനു ബോധ്യമായില്ലെങ്കിലും അതുമായി മുന്നോട്ടുപോവുമെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ അദ്ദേഹം തള്ളിക്കളയുന്നത് സ്വന്തം പാര്‍ട്ടിയുടെ നിലപാടാണ്.
നന്ദിഗ്രാമിലെ പോലെ ബംഗാളിലെ കൃഷിയിടങ്ങള്‍ ഏറ്റെടുത്ത വിവാദങ്ങളെ തുടര്‍ന്നാണ് നിലവിലുണ്ടായിരുന്ന 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം 2013ല്‍ യുപിഎ ഗവണ്‍മെന്റ് കൃഷിക്കാര്‍ക്ക് അനുകൂലമായ വ്യവസ്ഥകളോടെ ഭേദഗതി ചെയ്തത്. നന്ദിഗ്രാമിലും സിംഗൂരിലും കൈപൊള്ളിയ സിപിഎമ്മും ഈ ഭേദഗതികള്‍ക്കൊപ്പം നിന്നതാണ്. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നു മാത്രമല്ല, ദേശീയപാത പോലുള്ള ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോഴും അതു സുതാര്യമായിരിക്കണം, തദ്ദേശഭരണ സ്ഥാപനങ്ങളോ ഗ്രാമസഭകളോ ആയി കൂടിയാലോചിക്കണം, ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും വേണം.
വയലുടമകളോ എംഎല്‍എയോ തദ്ദേശഭരണ സ്ഥാപനങ്ങളോ അറിയാതെ ഒരു സ്വകാര്യ സ്ഥാപനം സര്‍വേ നടത്തി കീഴാറ്റൂരിന്റെ തലയില്‍ അടിച്ചേല്‍പ്പിച്ച ഭൂമി ഏറ്റെടുക്കലാണിത്. ഇതിനു പിന്നില്‍ അദൃശ്യമായ ഏതോ ഒരു ശക്തിയുടെ ദുരൂഹ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാവണം രണ്ടാംഘട്ടം വരെ കീഴാറ്റൂരിലെ സമരം തുടര്‍ന്നുപോയത്.
പിന്നീടാണ് മുഖ്യമന്ത്രിയുടെയും ജില്ലാ നേതൃത്വത്തിന്റെയും വികസന നയത്തിന് എതിരാണ് സമരമെന്നു വന്നത്. മുകളില്‍ നിന്ന് കര്‍ശന നിര്‍ദേശമുണ്ടായപ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി ഏരിയാ നേതൃത്വം സമരത്തില്‍ നിന്നു പിന്മാറി. സിപിഎമ്മിന്റെ കൃഷിഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പാര്‍ട്ടി നയത്തിലും കൃഷിക്കാരുടെ വര്‍ഗനയത്തിലും വിശ്വാസമുണ്ടായിരുന്ന കൃഷിക്കാര്‍ വയല്‍ക്കിളികളെന്ന നിലയില്‍ സമരരംഗത്ത് പിന്നെയും ഉറച്ചുനിന്നു; വര്‍ഗ ബഹുജന സംഘടനയുടെ സ്വതന്ത്രമായ നിലപാടുകള്‍ സംബന്ധിച്ചുകൂടി ബോധ്യമുള്ളവരായതുകൊണ്ട്. കൃഷിഭൂമി നഷ്ടപ്പെടുത്താതെ മൂന്നാമതൊരു ദിശയിലൂടെ ദേശീയപാത കീഴാറ്റൂരില്‍ കൊണ്ടുപോവാന്‍ സാധിക്കുമെന്ന് അവര്‍ക്കു ബോധ്യമുണ്ടായിരുന്നു.
സുരേഷ് കീഴാറ്റൂരടക്കം 10 സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടും അവര്‍ സമരം തുടര്‍ന്നു. പോലിസിനെ ഇറക്കി ബലംപ്രയോഗിച്ചിട്ടും പാടത്ത് പണിയെടുത്തും ചെങ്കൊടി പിടിച്ചും കൈകളില്‍ തഴമ്പുള്ള 60ഉം 70ഉം വയസ്സു കഴിഞ്ഞ കര്‍ഷകസ്ത്രീകളടക്കം സമരരംഗത്ത് ഉറച്ചുനിന്ന് ആത്മഹത്യ ചെയ്യാന്‍പോലും തയ്യാറായി. അവരെ അറസ്റ്റ് ചെയ്ത് പോലിസ് വാഹനങ്ങളില്‍ നീക്കം ചെയ്തതിനു പിറകെ സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ തകര്‍ത്ത് തീവച്ചു.
ദേശീയപ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സംഘടിക്കാനും സമരം ചെയ്യാനും നീണ്ടകാലം പൊരുതി നേടിയ അവകാശങ്ങളാണ് വികസനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പോലിസും അതിന്റെ പിന്‍ബലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും കീഴാറ്റൂരില്‍ ചുട്ടെരിച്ചത്. സമാധാനപരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം കീഴാറ്റൂരില്‍ പുനസ്ഥാപിച്ചെടുക്കാനും നിയമവിരുദ്ധമായ കൃഷിഭൂമി ഏറ്റെടുക്കല്‍ നടപടി തടയാനുമാണ് വയല്‍ക്കിളികള്‍ അവിടെ സമരത്തിന്റെ മൂന്നാംഘട്ടം തുടങ്ങിയത്. അതിനു പിന്തുണ പ്രഖ്യാപിക്കാനാണ് വി എം സുധീരന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുനിന്നും പുറത്തുനിന്നുമുള്ള ജനാധിപത്യ വിശ്വാസികളും പൊതുപ്രവര്‍ത്തകരും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ നേതാക്കളും കീഴാറ്റൂരിലേക്ക് എത്തിയത്. ഇത് ഇടതു ഗവണ്‍മെന്റിന്റെ വികസനത്തെയും നിലനില്‍പ്പിനെ തന്നെയും അട്ടിമറിക്കാനാണ് എന്നുപറയുന്നു. സ്വയം ദേഹത്തു മുറിവേല്‍പ്പിച്ച് ഈച്ച മുതല്‍ മാരകാണുക്കള്‍ വരെ കടന്നുവരുന്നതിന് ഇടയാക്കുന്നവരുടെ വിലാപമാണിത്.
പശ്ചിമ ബംഗാളില്‍ വ്യവസായവല്‍ക്കരണനയം അംഗീകരിച്ചപ്പോള്‍ ഭൂമി ഏറ്റെടുക്കലിനെതിരേയുള്ള എതിര്‍പ്പിന്റെയും ആശങ്കയുടെയും ആഴം ശരിയായവിധത്തില്‍ വിലയിരുത്താനോ മനസ്സിലാക്കാനോ കഴിഞ്ഞില്ലെന്ന് പിന്നീട് ഏറ്റുപറഞ്ഞത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ആ സ്വയംവിമര്‍ശനം ഉള്‍ക്കൊള്ളാത്തവരോ ആഗോളവല്‍ക്കരണ വികസന നയങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നവരോ ആണ് കീഴാറ്റൂര്‍ സമരത്തെ തള്ളിപ്പറയുന്നത്; എതിര്‍ത്തുതോല്‍പിക്കാന്‍ രാഷ്ട്രീയ വെട്ടുകിളികളെപ്പോലെ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഹിതത്തിനെതിരേയോ? പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് ഇവിടെ ഒരു സമരമോ? ഈ നിലപാടാണ് കീഴാറ്റൂരില്‍ കൃഷിക്കാരുടെ പ്രശ്‌നം രാഷ്ട്രീയസംഘര്‍ഷമാക്കി മാറ്റുന്നത്.
സമരരംഗത്തുള്ളവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ഭൂമി വിട്ടുകൊടുക്കുന്ന സമ്മതപത്രത്തില്‍ ഒപ്പുവയ്പിക്കാനും പോലിസിനെയും ഭരണത്തെയും നിയന്ത്രിക്കുന്ന കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് എളുപ്പം കഴിയും. കീഴാറ്റൂരിലെ സമരം പരാജയപ്പെട്ടാല്‍, വയലുകളും തണ്ണീര്‍ത്തടങ്ങളും കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണിട്ടുമൂടിയാല്‍ അത് കേരളത്തിന്റെ നാശമായിരിക്കും എന്നാണ് വയല്‍ക്കിളികള്‍ നല്‍കുന്ന മുന്നറിയിപ്പ്. പരിസ്ഥിതി തകര്‍ക്കുന്ന സര്‍ക്കാരിന്റെ റിയല്‍ എസ്‌റ്റേറ്റ് വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള വികസന നയത്തിനെതിരേ കേരളത്തില്‍ മറ്റൊരു സമരം പിന്നീട് തലപൊക്കില്ല.
അധികാര പിന്‍ബലംകൊണ്ടും സംഘടിത ശക്തികൊണ്ടും വയല്‍ക്കിളികളുടെ സമരം പരാജയപ്പെടുത്താന്‍ സാധിച്ചേക്കാം. പക്ഷേ, ആ വിജയത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതം എന്താവുമെന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റിനെ നയിക്കുന്നവര്‍ ബംഗാളിലേക്ക് നോക്കി ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്.
ജനങ്ങളുടെ വീക്ഷണങ്ങള്‍ കേള്‍ക്കാനും കണക്കിലെടുക്കാനും തയ്യാറാവാതിരുന്നതും ഭരണകക്ഷിയാണെന്ന ഭാവവും റിയല്‍ എസ്‌റ്റേറ്റ് നിര്‍മാതാക്കളടക്കമുള്ളവരുമായുള്ള ബന്ധങ്ങളുമാണ് ബംഗാളില്‍ ഇടതു ഗവണ്‍മെന്റിനെ ജനങ്ങള്‍ തോല്‍പിച്ചതിന്റെ കാരണം. പിന്നീട് സിപിഎം ഖേദിച്ചത് അങ്ങനെയാണ്. ഭരണപരവും രാഷ്ട്രീയവുമായ തെറ്റുകള്‍ വമ്പിച്ച നഷ്ടംവരുത്തിയെന്ന് ആവര്‍ത്തിച്ചതും. നന്ദിഗ്രാമിലെ സംഭവങ്ങളും പോലിസ് വെടിവയ്പും ബുദ്ധിജീവികളെയും ഇടത്തരക്കാരെയും ഇടതുപക്ഷത്തുനിന്ന് ഇപ്പോഴും അകറ്റിനിര്‍ത്തിയിരിക്കുകയാണെന്നും അവര്‍ വിലപിക്കുന്നു.
അത്തരമൊരു അവസ്ഥയിലേക്ക് കേരളത്തെയും നയിക്കാനാണോ കീഴാറ്റൂരില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്! ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഎമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയ വിഡ്ഢിത്തമാണ് കീഴാറ്റൂരിലെ കര്‍ഷകപ്രശ്‌നം സങ്കീര്‍ണമാക്കിക്കൊണ്ട് അവര്‍ ചെയ്യുന്നത്.                                     ി

RELATED STORIES

Share it
Top