കിവീസിനെ തല്ലിപ്പറത്തി ആസ്‌ത്രേലിയ്ക്ക് റെക്കോഡ് ജയംഓക്‌ലന്‍ഡ്: ബാറ്റിങ് വെടിക്കെട്ടും റണ്‍മഴയും പെയ്ത് ട്വന്റി20 മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആസ്‌ത്രേലിയ. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ അഞ്ചാം മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (105)  സെഞ്ച്വറിക്കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 243 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കംഗാരുക്കള്‍ 18.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 245 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഡാര്‍സി ഷോര്‍ട്ടിന്റെയും (76) ഡേവിഡ് വാര്‍ണറുടെയും (59) ബാറ്റിങാണ് ഓസീസിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (30) ആരോണ്‍ ഫിഞ്ചിന്റെയും (36) ബാറ്റിങും ഓസീസ് ജയത്തില്‍ നിര്‍ണായകമായി.ട്വന്റി20 ചരിത്രത്തിലെ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഓസീസ് ബൗളര്‍മാരെ തല്ലിപ്പറത്തിയപ്പോള്‍ കിവീസ് സ്‌കോര്‍ബോര്‍ഡിന് റോക്കറ്റ് വേഗമായി. ഗുപ്റ്റിലിനൊപ്പം കോളിന്‍ മണ്‍റോയും (76) ബാറ്റിങില്‍ താളം കണ്ടത്തിയതോടെ പന്തുകള്‍ പലവട്ടം ഗാലറി കടന്നു. ഒന്നാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് കിവീസിന്റെ ആദ്യ വിക്കറ്റ് വീണത്. 33 പന്തില്‍ ആറുവീതം ഫോറും സിക്‌സറും പറത്തി. മണ്‍റോയെ ആന്‍ഡ്രേ ടൈ മാക്‌സ്‌വെല്ലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് വന്നവരെല്ലാം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പേ മടങ്ങിയെങ്കിലും ഒരു വശത്ത് വെടിക്കെട്ട് തുടര്‍ന്ന ഗുപ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും അക്കൗണ്ടിലാക്കി. മൂന്നാമനായയി ഗുപ്റ്റില്‍ കൂടാരം കയറുമ്പോള്‍ 54 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്‌സറും താരം അക്കൗണ്ടിലാക്കിയിരുന്നു.  ഗുപ്റ്റില്‍ പുറത്താവുമ്പോള്‍ കിവീസ് സ്‌കോര്‍ബോര്‍ഡ് 16.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 212 റണ്‍സെന്ന നിലയിലായിരുന്നു. അവസാന ഓവറുകളില്‍ പിടിമുറുക്കിയ ഓസീസ് ബൗളര്‍മാര്‍ കിവീസിന്റെ സ്‌കോര്‍ബോര്‍ഡ് 243ല്‍ ഒതുക്കി.ഓസീസ് നിരയില്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രേ ടൈ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് വേണ്ടി വാര്‍ണറും ഷോര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. 8.3 ഓവറില്‍ 121 റണ്‍സ് ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 24 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും പറത്തിയ വാര്‍ണറെ ഇഷ് സോധി ക്ലീന്‍ഡബൗള്‍ഡ് ചെയ്യുകയായിരുന്നു. മറ്റൊരു ഓപണായ ഷോര്‍ട്ട് 44 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ച്വറി നേടിയത്. മാക്‌സ് വെല്‍ 14 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തിയപ്പോള്‍ ഫിഞ്ച് 14 പന്തില്‍ മൂന്നുവീതം സിക്‌സറും ഫോറും അക്കൗണ്ടിലാക്കി. ടൂര്‍ണമെന്റില്‍ കളിച്ച നാല് മല്‍സരങ്ങളും വിജയിച്ച ആസ്‌ത്രേലിയയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ന്യൂസിലന്‍ഡ് രണ്ടാമതും ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.

RELATED STORIES

Share it
Top