കിഴക്കോത്ത് ഐഎസ്ഒ ഗ്രാമപ്പഞ്ചായത്തായി പ്രഖ്യാപിച്ചു

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിനെ ഐഎസ്ഒ 9001 പഞ്ചായത്തായി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് സുതാര്യവും സമയബന്ധിതവുമായി സേവനങ്ങള്‍ ലഭ്യമാക്കത്തക്ക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് ഐഎസ്ഒ പഞ്ചായത്തായി പ്രഖ്യാപിച്ചത്. ലോക നിലവാരത്തിലേക്കുയര്‍ത്തുന്ന ഐഎസ്ഒ 9001 പ്രഖ്യാപനം ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ സംഭാവന പിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി വി ഷാഹുല്‍ ഹമീദില്‍ നിന്നും സ്വീകരിച്ച് കലക്ടര്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സെക്രട്ടറി പി രാമചന്ദ്രനുള്ള ഉപഹാരം കലക്ടര്‍ വിതരണം ചെയ്തു.
കിഴക്കോത്ത് പഞ്ചായത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി ഉന്നത വിജയം കരസ്തമാക്കിയ എളേറ്റില്‍ എം ജെ ഹയര്‍ സെക്കണ്ടറി സ്—ക്കൂളിനെയും നൂറു ശതമാനം വിജയം നേടിയ പന്നൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്—ക്കൂളിനെയും അനുമോദിച്ചു.
ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തിരെഞ്ഞെടുത്ത വി നസീറിനും മികച്ച കൃഷി അസിസ്റ്റന്റായി തിരെഞ്ഞെടുത്ത കെ കെ ജാഫറിനു മുള്ള ഉപഹാരവും കലക്ടര്‍ വിതരണം ചെയ്തു.
ലൈഫ് പദ്ധതിയില്‍ ഭവന പൂര്‍ത്തീകരണം നടത്തിയവര്‍ക്കുള്ള താക്കോല്‍ വിതരണവും യോഗത്തില്‍ നിര്‍വ്വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏലിയമ്മാ ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫുര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈമൂന ഹംസ സംസാരിച്ചു.

RELATED STORIES

Share it
Top