കിഴക്കേകോട്ട ജങ്ഷന്‍ സ്ഥലമെടുപ്പ് അഴിമതി: കൗണ്‍സില്‍ ചര്‍ച്ച പ്രഹസനമായി

തൃശൂര്‍: കിഴക്കേകോട്ട ജംഗ്ഷന്‍ വികസനത്തിന് സ്ഥലമെടുത്തതില്‍ വന്‍ അഴിമതി ആരോപിച്ചുള്ള കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചര്‍ച്ച പ്രഹസനമായി. നിശ്ചിതവില ഉടന്‍ നല്‍കാനും “അഴിമതിയില്‍ പ്രത്യേകിച്ച് നടപടിയൊന്നും വേണ്ടെന്നും കൗണ്‍സില്‍ തീരുമാനിച്ചു.
രാജന്‍പല്ലന്‍ മേയറായിരിക്കേ നടന്ന സ്ഥലമെടുപ്പില്‍ ആര്‍.ഡി.ഒ 8.5 ലക്ഷം രൂപ മാത്രം വിലയിട്ട ഭൂമി നിയമവിരുദ്ധമായി 17.5 ലക്ഷം രൂപ വിലവെച്ച് വാങ്ങി കോര്‍പ്പറേഷന് വന്‍ നഷ്ടമുണ്ടാക്കിയെന്ന ഗുരുതരമായ അഴിമതി ആരോപണം മേയര്‍ നേരിട്ടുതന്നെ അജണ്ടയിലൂടെ ഉന്നയിച്ചായിരുന്നു കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തത്.
ജില്ലകലക്ടര്‍ നിശ്ചയിച്ച 17.5 ലക്ഷം രൂപ വിലവെച്ച് നല്‍കാമെന്ന കരാറില്‍ സ്ഥലം മുന്‍കൂറായി വിട്ടുനല്‍കിയ റോസമ്മ പോളിന്റെ 2.25 സെന്റ് സ്ഥലത്തിന് പണം തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് ഭരണസമിതി നല്‍കിയിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് റോസമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി അനുവദിച്ച് പണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ വിധിയില്‍ കോര്‍പ്പറേഷന്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. എന്നിട്ടും പണം കിട്ടാത്തതിനെ തുടര്‍ന്ന് റോസമ്മ നല്‍കിയ കോടതിയലക്ഷ്യഹരജി, തുക 20 ദിവസത്തിനകം നല്‍കാമെന്ന കോര്‍പ്പറേഷന്‍ അഭിഭാഷകന്റെ വാഗ്ദാനമനുസരിച്ച് കോടതിയലക്ഷ്യക്കേസ് തീര്‍പ്പാക്കിയിരുന്നു. അതനുസരിച്ച് പണം നല്‍കാനാണ് വിഷയം കൗണ്‍സിലിന്റെ പരിഗണനക്കെത്തിയത്.
എല്‍.ഡി.എഫ് കൗണ്‍സില്‍ വന്നശേഷം സ്ഥല വില നിര്‍ണ്ണയിച്ച് നല്‍കാന്‍ ആര്‍.ഡി.ഒക്ക് വീണ്ടും കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സെന്റിന് 8.5 ലക്ഷം ന്യായവില നിശ്ചയിച്ച് നല്‍കിയത്. ന്യായവില 8.5 ലക്ഷമാണെന്നിരിക്കേ 2.25 സെന്റിന് 17.5 ലക്ഷം രൂപ അംഗീകരിച്ചതില്‍ 20.25 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നും നഷ്ടം മുന്‍ഭരണാധികാരികള്‍ മുന്‍കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരില്‍ നിന്നും ഈടാക്കേണ്ടതാണെന്നുമായിരുന്നു അജണ്ടയില്‍ മേയര്‍ അജിത ജയരാജന്റെ കുറിപ്പ്.
അതേസമയം ജില്ലകലക്ടര്‍ വില നിശ്ചയിച്ചതില്‍ അഴിമതിയില്ലെന്നും ആര്‍.ഡി.ഒ നിശ്ചയിച്ചതു ന്യായവിലയും, കലക്ടര്‍ നിശ്ചയിച്ചത് ഉടമയുമായി ചര്‍ച്ച നടത്തിയുള്ള നിയമാനുസൃത വിലയാണെന്നും അതുകൊണ്ടുതന്നെ ക്രമക്കേടില്ലെന്നും പ്രതിപക്ഷം വാദിച്ചു. എല്‍.ഡി.എഫ് ഭരണത്തില്‍ ദിവാന്‍ജിമൂല മേല്‍പാലനിര്‍മ്മാണത്തിന് ആദ്യം കലക്ടര്‍ നിശ്ചയിച്ച സെന്റിന് 28 ലക്ഷം രൂപയുടെ ന്യായവില തിരുത്തി ഉടമയുമായി ചര്‍ച്ച നടത്തി.
കലക്ടര്‍ നിശ്ചയിച്ച വില സെന്റിന് 48 ലക്ഷം രൂപ നല്‍കിയതും പ്രതിപക്ഷം ഉയര്‍ത്തികാട്ടി. ഇതോടെ ഇടപാടിലെ അഴിമതി ആരോപണം ഭരണപക്ഷം വിഴുങ്ങി.

RELATED STORIES

Share it
Top