കിഴക്കുംപാട്ടുകരയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം

തൃശൂര്‍: കിഴക്കുംപാട്ടുകരയി ല്‍ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണു പ്രാഥമിക സൂചന. ഇന്നലെ പുലര്‍ച്ചയോടെയാണു കമ്പിപ്പാര ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്. ബാങ്കിലെയും സമീപത്തെയും സിസി ടിവി കാമറകള്‍ പോലിസ് പരിശോധിച്ചുവരികയാണ്. അഞ്ചര ലക്ഷം രൂപ എടിഎമ്മിലുണ്ടായിരുന്നുവെന്നു ബാങ്ക് അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കൗണ്ടറിലെത്തിയവര്‍ മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം നടത്തുകയാണ്. ബാങ്ക് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണു ചാലക്കുടിയിലും ഇരുമ്പനത്തും കോട്ടയത്തും എടിഎം കവര്‍ച്ചകള്‍ നടന്നത്. ഇതിലെ പ്രതികളെ പിടികൂടാനോ കേസിന് എന്തെങ്കിലും തുമ്പുണ്ടാക്കാനോ ഇതുവരെയും പോലിസിനായിട്ടില്ല.
നാട്ടികയിലും എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചയ്ക്കു ശ്രമം നടന്നിരുന്നു. നാട്ടിക പഴയ കോട്ടണ്‍ മില്ലിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കോര്‍പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് കൗണ്ടര്‍ തകര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. സിസി ടിവിയില്‍ നിന്നു മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മുഖവും ശരീരവുമെല്ലാം പൂര്‍ണമായും മറച്ച നിലയിലായിരുന്ന മോഷ്ടാക്കളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

RELATED STORIES

Share it
Top