കിഴക്കന്‍ മലയോര മേഖലയില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നു

പത്തനാപുരം: വേനലും മഞ്ഞും മൂലം കിഴക്കന്‍ മലയോര മേഖലയില്‍ പനിയും പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫുകളുമില്ല. ചികില്‍സ തേടി വിവിധ ആശുപത്രികളില്‍ ദിവസേനയെത്തുന്നത് നൂറുകണക്കിന് രോഗികള്‍. കഴിഞ്ഞ രണ്ടാഴ്ചയോളമായി കിഴക്കന്‍ മേഖലയില്‍ പനിയും അനുബന്ധ രോഗങ്ങളും പടരുകയാണ്. കാലാവസ്ഥ വ്യതിയാനമാണ്  പനി വ്യാപകമാകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാത്രികാലങ്ങളിലെ തണുപ്പും പകല്‍ സമയത്തെ കടുത്ത വേനല്‍ ചൂടുമാണ് പനിയും പകര്‍ച്ചവ്യാധികളും പടരാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. ചുമ, ശ്വാസം മുട്ടല്‍, കഫക്കെട്ട് എന്നിവയാണ് രോഗികളില്‍ ഏറെയും കണ്ടുവരുന്നത്. ദിവസേന നൂറുകണക്കിന് രോഗികളാണ് പത്തനാപുരം, പുനലൂര്‍ താലൂക്കാശുപത്രിയിലും പിറവന്തൂര്‍ ,പട്ടാഴി, തെന്മല, മാങ്കോട്, വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും  സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടിയെത്താറുള്ളത്. മുതിര്‍ന്നവരിലും കൊച്ചുകുട്ടികളിലാണ് പനി വ്യാപകമായിട്ടുള്ളത്. ചുമയും കഫക്കെട്ടുമാണ് കുട്ടികളില്‍ കണ്ടു വരുന്നത്. തലവേദനയും ഛര്‍ദിയും ബാധിച്ചവരുമുണ്ട്. കാലാവസ്ഥ വ്യതിയാനം രോഗങ്ങള്‍ക്ക് വഴി വയ്ക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ ചിക്കന്‍പോക്‌സും വ്യാപകമാവുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കിഴക്കന്‍ മേഖലയില്‍ നൂറുകണക്കിനാളുകള്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചിട്ടുണ്ട്. വളരെ വേഗം പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചിക്കന്‍പോക്‌സ് എന്നതിനാല്‍ ശ്രദ്ധാപൂര്‍വമായ പരിചരണമാണ് രോഗികള്‍ക്ക് ഉണ്ടാകേണ്ടത്. അല്ലാത്തപക്ഷം കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. താലൂക്കാശുപത്രിയില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യങ്ങളില്ലാത്തത് രോഗികളെ വലയ്ക്കുന്നു. പനി ബാധിതര്‍ക്ക് അടിയന്തിര സൗകര്യം ഒരുക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തയാറാവണമെന്നും ആവശ്യം ഉയരുന്നുണ്ട്.

RELATED STORIES

Share it
Top