കിഴക്കന്‍ മലനിരകളില്‍ വനാവരണവും അപൂര്‍വസസ്യങ്ങളും കുറയുന്നു

ന്യൂഡല്‍ഹി: ഒഡീഷ മുതല്‍ കേരളം വരെ വ്യാപിച്ചുകിടക്കുന്ന കിഴക്കന്‍ മലനിരകളിലെ വനാവരണം 95 വര്‍ഷങ്ങള്‍ക്കിടെ 15.9 ശതമാനം കുറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകരാണ് 1920 മുതല്‍ 2015 വരെയുള്ള മാപ്പുകളും സാറ്റലൈറ്റ് ചിത്രങ്ങളും പഠനത്തിനു വിധേയമാക്കി ഇക്കാര്യം തിരിച്ചറിഞ്ഞത്. 1920ല്‍ 43.4 ശതമാനം ഉണ്ടായിരുന്ന വനാവരണ മേഖല 2015 ആയപ്പോഴേക്കും 27.5 ശതമാനമായി കുറഞ്ഞു.
ഇതിനിടെ കിഴക്കന്‍ മലനിരകളിലെ വനപ്രദേശത്തിന്റെ എട്ടു ശതമാനം കൃഷിസ്ഥലങ്ങളായി മാറി. നാലു ശതമാനം പ്രദേശം പുല്‍മേടുകളായിത്തീരുകയും ചെയ്തു.
ഗവേഷണത്തില്‍ വെളിപ്പെട്ട മറ്റൊരു കാര്യം വനമേഖല വലിയ തോതില്‍ തുണ്ടുഭൂമികളായി മാറി എന്നതാണ്. 1920ല്‍ 1,379 തുണ്ടുഭൂമികളുണ്ടായിരുന്നത് 2015 ആയപ്പോള്‍ 9,457 ആയി വര്‍ധിച്ചു. ഒഡീഷ, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളും കേരളത്തിലെ വയനാടും ഉള്‍പ്പെടുന്ന പര്‍വത മേഖലയാണു കിഴക്കന്‍ മലനിരകള്‍. 2,600ലധികം ഇനം ചെടികളുള്ള ഇവിടെ വനാവരണം കുറയുന്നതും ഭൂമിയെ തുണ്ടുകളായി മുറിക്കുന്നതും അപൂര്‍വയിനം സസ്യങ്ങളുടെ വംശനാശത്തിനു കാരണമാവുമെന്നു മുമ്പ് നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു. കിഴക്കന്‍ മലനിരകളിലെ ആവാസ വ്യവസ്ഥകള്‍ക്ക് സാരമായി ആഘാതമേറ്റിട്ടുള്ളത് ഒഡീഷയിലെ ഗജപതി ജില്ലയിലും തെലങ്കാനയിലെ മെഹ്ബൂബ് നഗര്‍-നല്ലമലൈ, തമിഴ്‌നാട്ടിലെ കൊല്ലി കുന്നുകളിലുമാണ്.
ആദ്യകാലത്തു കൃഷിയായിരുന്നു കാടുനശിക്കാന്‍ പ്രധാന ഹേതുവെങ്കില്‍ 1975നു ശേഷം ഖനനവും ഡാം നിര്‍മാണം, റോഡ് നിര്‍മാണം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളാണു പ്രധാന കാരണങ്ങള്‍. ഖനനമേഖല 1920ല്‍ 622 ച.കി.മീ ആയിരുന്നത് 2015 ആയപ്പോഴേക്കും 962 ച.കി.മീ ആയി വര്‍ധിച്ചു.
ഗവേഷകരും ചരിത്രകാരന്‍മാരും പശ്ചിമഘട്ടത്തിനും ഹിമാലയത്തിനും പിന്നാലെ പോയപ്പോള്‍ കിഴക്കന്‍ മലനിരകള്‍ അവഗണിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇവയും പാരിസ്ഥിതികമായി പ്രാധാന്യമര്‍ഹിക്കുന്ന മേഖലകളാണെന്നത് അവര്‍ മനസ്സിലാക്കണം. മണ്‍സൂണ്‍ രൂപപ്പെടുന്നതില്‍ ഇവയ്ക്കു വലിയ പങ്കുണ്ട്- ഹൈദരാബാദ് സര്‍വകലാശാലയിലെ ഭൂ, സമുദ്ര, അന്തരീക്ഷ കേന്ദ്രത്തിലെ ഡോ. പാര്‍ഥസാരഥി പറയുന്നു. മാത്രമല്ല ഈ പ്രദേശത്ത് നിരവധി ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അധിവസിക്കുന്നു. അതിനാല്‍ കിഴക്കന്‍ മലനിരകളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ തുക വകയിരുത്തുകയും ഇവിടേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top