കിഴക്കന്‍ ഗൂത്ത: സഹായവുമായി ട്രക്കുകള്‍ എത്തി; പിന്നാലെ ആക്രമണം

ദമസ്‌കസ്: യുദ്ധക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കിഴക്കന്‍ ഗൂത്തയിലേക്ക് ഭക്ഷണമടക്കമുള്ള അത്യാവശ്യ വസ്തുക്കളുമായി സന്നദ്ധ സംഘടനകളുടെ ട്രക്കുകള്‍ എത്തിയതിനു പിന്നാലെ സിറിയന്‍ സൈന്യം ആക്രമണം പുനരാരംഭിച്ചു. മേഖലയിലെ സ്ഥിതി അത്യന്തം അപകടകരമാണെന്നു യുഎന്‍ അധികൃതര്‍ അറിയിച്ചു.
13 ട്രക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഭക്ഷണവും മരുന്നുകളുമായി കുഴക്കന്‍ ഗൂത്തയിലേക്ക് പ്രവേശിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ സിറിയന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുകയായിരുന്നുവെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ബുധനാഴ്ച സിറിയന്‍ സൈന്യം മേഖലയില്‍ വ്യാപകമായി ക്ലോറിന്‍ ബോംബ് പ്രയോഗിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സഹായം വിതരണം നിര്‍ത്തിവച്ചിരുന്നു. ഫെബ്രുവരി 18 മുതല്‍ സിറിയ റഷ്യയുടെ സഹായത്തോടെ ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ എണ്ണം 1000 കവിഞ്ഞു.
ദമസ്‌കസിന്റെ പട്ടണപ്രദേശങ്ങളില്‍ എംഎസ്എഫിന്റെ 20ഓളം സഹായ കേന്ദ്രങ്ങളില്‍ 15 എണ്ണം ഷെല്ലുകളെറിഞ്ഞ് സൈന്യം തകര്‍ത്തിട്ടുണ്ട്.
ദുരന്തഭൂമിയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ലഭ്യമാക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച കിഴക്കന്‍ ഗൂത്തയില്‍ 13ലധികം പേരാണ് കൊല്ലപ്പെട്ടതെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. തലസ്ഥാനമായ ബഗ്ദാദിനു സമീപമുള്ള കിഴക്കന്‍ ഗൂത്ത 2013 മുതല്‍ സിറിയന്‍ സൈന്യം ഉപരോധിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top