കിഴക്കന്‍ ഗൂത്ത രക്തക്കളമാവുന്നു; 200 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ ബശ്ശാറുല്‍ അസദിന്റെ സൈന്യം മൂന്നു ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങളില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഗൂത്തയില്‍ വിമതരുടെ ശക്തികേന്ദ്രങ്ങളില്‍ ഞായറാഴ്ച മുതല്‍ സൈന്യം വന്‍തോതില്‍ ബോംബാക്രമണവും ടാങ്കര്‍ ആക്രമണവും നടത്തിയതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം (എസ്ഒഎച്ച്ആര്‍) അറിയിച്ചു. ഗ്രാമങ്ങളില്‍ ചെറു റോക്കറ്റുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തുന്നുണ്ട്. 57 കുട്ടികള്‍ അടക്കം 194 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്്. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ 39 കുട്ടികളടക്കം 127 സിവിലിയന്‍മാരും ചൊവ്വാഴ്ച 13 കുട്ടികളക്കം 50 സിവിലിയന്‍മാരും കൊല്ലപ്പെട്ടു.
നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റതായും വിദേശ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഷെല്‍ ആക്രമണമെന്ന് എസ്ഒഎച്ച്ആര്‍ മേധാവി റാമി അബ്ദുല്‍ റഹ്്മാന്‍ അറിയിച്ചു.
ഗൂത്തയിലെ വിമത കേന്ദ്രങ്ങള്‍ക്കെതിരേ ശക്തമായ സൈനികനീക്കം നടത്താന്‍ അസദ് ഭരണകൂടം തയ്യാറെടുക്കുന്നതായാണ് റിപോര്‍ട്ട്്. അതിന്റെ ഭാഗമായാണ് ബോംബാക്രമണമെന്നും അദ്ദേഹം പറഞ്ഞു. 2013 മുതല്‍ സിറിയന്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയ ഗൂത്തയില്‍ നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നാണ് റിപോര്‍ട്ട്്.
തങ്ങള്‍ കൂട്ടക്കൊലയെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.  പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികളില്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. എന്നാല്‍, അതിനാവശ്യമായ ഡോക്ടര്‍മാരോ, മരുന്നുകളൊ, മെഡിക്കല്‍ ഉപകരണങ്ങളോ ആശുപത്രികളില്‍ ഇല്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
കിഴക്കന്‍ ഗൂത്തയിലെ ആക്രമണങ്ങള്‍  എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതായി യുഎന്‍ മുന്നറിയിപ്പു നല്‍കി. സിറിയന്‍ സൈന്യത്തിന്റെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം. സമീപ ദിവസങ്ങളില്‍ ഗൂത്തയിലുണ്ടായ ആക്രമണം മേഖലയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. നിരപരാധികളായ സിവിലിയന്‍മാരാണ് ആക്രമണത്തില്‍ ഇരകളാക്കപ്പെടുന്നതെന്നും യുഎന്‍ പ്രതിനിധി പനോസ് മുംത്‌സിസ്  പറഞ്ഞു. ഗൂത്തയില്‍ 2,72,500 പേര്‍ക്ക്  അടിയന്തര മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ആഴ്ച യുഎന്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top