കിഴക്കന്‍ ഗൂത്തയില്‍ രണ്ടാഴ്ചയ്ക്കിടെ130 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ കഴിഞ്ഞ 12 ദിവസത്തിനിടെ 130ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനും ഇദ്‌ലിബ് പ്രവിശ്യക്കുമിടയിലുള്ള കിഴക്കന്‍ ഗൂത്തയെ അസദ് അനുകൂല സൈന്യം വളഞ്ഞിരുന്നു. പ്രതിപക്ഷത്തിനും സായുധ വിഭാഗങ്ങള്‍ക്കുമെതിരായാണ് സൈനിക നടപടി ആരംഭിച്ചത്. സിവിലിയന്‍മാര്‍ക്കു നേരെ ദിവസവും സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണമുണ്ടാവുന്നതായി മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു. രാജ്യത്തെ അവസാനത്തെ പ്രതിപക്ഷ ശക്തികേന്ദ്രങ്ങളാണ് കിഴക്കന്‍ ഗൂത്തയും ഇദ്‌ലിബ് പ്രവിശ്യയും. രണ്ടിടത്തും സര്‍ക്കാരിന്റെ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ ഗൂത്തയിലെ പ്രധാന പട്ടണമായ ദൂമയില്‍ തിങ്കളാഴ്ചയുണ്ടായ വ്യോമാക്രമണങ്ങളില്‍ ഒരു സ്ത്രീയും മൂന്നു കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘത്തലവന്‍ റമി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ദൂമയിലെ മദിറയിലുണ്ടായ വ്യോമാക്രമണങ്ങളില്‍ ഒരു കുട്ടിയും രണ്ടു മുതിര്‍ന്നവരും കൊല്ലപ്പെടുകയും 13 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര കരാര്‍ പ്രകാരം കിഴക്കന്‍ ഗൂത്ത സംഘര്‍ഷരഹിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു വാരത്തോളമായി മേഖലയില്‍ രക്തരൂഷിതമായ ആക്രമണങ്ങള്‍ തുടരുകയാണ്.

RELATED STORIES

Share it
Top