കിഴക്കഞ്ചേരിയില്‍ പുലി വളര്‍ത്തുനായയെ കൊന്നുതിന്നു

വടക്കഞ്ചേരി: മലയോര മേഖല വീണ്ടും പുലി ഭീതിയില്‍. കിഴക്കഞ്ചേരി പനങ്കുറ്റിയില്‍ പുലി വളര്‍ത്തു നായയെ കൊന്നു തിന്നു. കിഴക്കഞ്ചേരി പനങ്കുറ്റി അറയ്ക്കല്‍ മാത്യൂസിന്റെ വീട്ടിലെ നായയെ ആണ് കഴിഞ്ഞ ദിവസം രാത്രി പുലി പിടിച്ച് തിന്നത് . രാത്രി പന്ത്രണ്ട് മണിയോടെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റ് തെളിച്ച് നോക്കുമ്പോള്‍ നായയെ തിന്നതിന് ശേഷം പുലി പറമ്പിലേക്ക് കയറി പോവുന്നതാണ് കണ്ടതെന്ന് മാത്യുവിന്റെ മകന്‍ സന്തോഷ് പറഞ്ഞു.
ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ടതിനാലാവാം പുലിക്ക് നായയെ കൊണ്ടു പോവാന്‍ കഴിയാഞ്ഞത് . കഴിഞ്ഞ മാസം സമീപപ്രദേശത്ത് നിന്നും മറ്റൊരു നായയെയും പുലി പിടിച്ചിരുന്നു. അണക്കപ്പാറ വനം വകുപ്പ് ഉദ്യേഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പീച്ചി വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ കാട്ടു മൃഗങ്ങളുടെ ശല്യം ഉണ്ടാവാറുണ്ടെങ്കിലും സ്വന്തം വീട്ടിലെ വളര്‍ത്തുനായയെ പുലി പിടിച്ച് തിന്നിട്ട് പോവുന്നത് നേരില്‍ കണ്ട ഭീതിയിലാണ് വീട്ടുകാരും പ്രദേശവാസികളും.

RELATED STORIES

Share it
Top