കിളിയന്തറ ദുരിതാശ്വാസ ക്യാംപില്‍ വേദനയുടെ പെരുന്നാള്‍

ഇരിട്ടി: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം വന്നെത്തിയ പെരുന്നാള്‍ നാടെങ്ങും സന്തോഷത്തോടെ ആഘോഷിച്ചപ്പോള്‍ കൂട്ടുപുഴയിലെ പത്തോളം മുസ്‌ലിം കുടുംബങ്ങള്‍ കിളിയന്തറ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത് പ്രകൃതിദുരന്തം സമ്മാനിച്ച നടുക്കുന്ന വേദനയില്‍. മാക്കൂട്ടത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മഴവെള്ള പാച്ചിലില്‍ സര്‍വതും നഷ്ടപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതോളം പേര്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത് ദുരിതാശ്വാസ ക്യാംപില്‍ തന്നെ. ചിലര്‍ അടുത്തുള്ള ബന്ധുവീടുകളില്‍ പോയി വേഗം മടങ്ങി. അതേസമയം, ദുരന്തഭൂമിയില്‍ സ്വന്തം ജീവന്‍ പോലും മറന്ന് സേവനത്തിനിറങ്ങിയ നല്ല മനസ്സിന്റ സന്ദേശമായിരുന്നു പെരുന്നാള്‍ ദിനത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കിയത്. ആരും പറയാതെയും ആരും വിളിക്കാതെയും ദുരന്തമുഖത്ത് ആദ്യദിനം മുതല്‍ ഇവര്‍ സജീവമായി. വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും പുതുവസ്ത്രവും പ്രദേശത്തെ വ്യക്തികളും സന്നദ്ധ സംഘടനകളും എത്തിച്ചുനല്‍കി. മറ്റ് ആഘോഷങ്ങളെല്ലാം മാറ്റിവച്ച് മഹല്ല് നിവാസികളടക്കം ഇവര്‍ക്കൊപ്പം ചേര്‍ന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് പി പി അശോകന്‍ ഉള്‍പ്പെടെ പഞ്ചായത്തിലെ എല്ലാ അംഗങ്ങളും ക്യാംപില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുഴുസമയവും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.

RELATED STORIES

Share it
Top