കിളിമാനൂരില്‍ സിപിഎമ്മില്‍ ആഭ്യന്തരകലഹം രൂക്ഷം

കിളിമാനൂര്‍: മന്ത്രിമാരുടെ ലൈക്ക് കൂട്ടാന്‍ ഒരു വശത്ത് സിപിഎം നേതൃത്വം ആവശ്യപ്പെടുകയും ശ്രമിക്കുകയും ചെയ്യുമ്പോള്‍ കിളിമാനൂരിലെ സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടം ആഭ്യന്തര പ്രശ്‌നം രൂക്ഷമാക്കുന്നതിനൊപ്പം നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. ബ്രാഞ്ച് സമ്മേളനത്തിന് മുമ്പ് തുടങ്ങിയതാണ് വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോരാട്ടം. ജില്ലാ സമ്മേളനം ഈമാസം നടക്കാനിരിക്കുകയാണ്. സമ്മേളനത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിഴുപ്പലക്കല്‍ ചര്‍ച്ചയാകും എന്നതില്‍ സംശയമില്ല. ബ്രാഞ്ച് മെംബര്‍മാര്‍ മുതല്‍ ഏരിയാ അംഗങ്ങള്‍ വരെ ഈ പോരാട്ടത്തില്‍ പങ്കാളികളാണെന്നതാണ് കൗതുകകരം. പുളിമാത്തുള്ള ഒരു ലോക്കല്‍ കമ്മിറ്റി അംഗം വനിതയായ ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിക്കുന്ന നിലയിലാണ് സാമൂഹിക മാധ്യമത്തിലൂടെ കത്തികയറിയത്. അത് വലിയ വിവാദമായ നിലയിലാണ്. കിളിമാനൂരിലെ മുന്‍ ഏരിയ സെക്രട്ടറിക്കെതിരേ മല്‍സരിച്ചാണ് അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകളിട്ടത്. കോണ്‍ഗ്രസ് സമ്മേളനത്തിന് പോയി കത്തി കുത്ത് നടന്ന സംഭവത്തില്‍ കിളിമാനൂരിലെ ഒരു സിപിഎം നേതാവിന്റെ മകനും ഉള്‍പ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയും വാദ പ്രതി വാദങ്ങള്‍ അരങ്ങേറി. പഴയ സംസ്ഥാന നേതാക്കളെ വരെ വലിച്ചിഴക്കുന്ന നിലയിലേക്ക് വരെ ഈ പോരാട്ടം എത്തി. കൂട്ടത്തില്‍ വെല്ലുവിളികളും ,അഴിമതിക്കഥകളും ഒക്കെ മുന്‍പിന്‍ നോക്കാതെ വിളമ്പുന്ന തരത്തിലായിരുന്നു നവ സാമൂഹിക മാധ്യമങ്ങളിലെ പോരാട്ടം. ഇപ്പോഴും ഇത് ശമിച്ചിട്ടില്ല. നവ സാമൂഹിക മാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമാകുന്നത് കിളിമാനൂരില്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയാവുകയാണ്

RELATED STORIES

Share it
Top