കിളിമാനൂരില്‍ കട കത്തിച്ചസംഭവം: നാലുപേര്‍ അറസ്റ്റില്‍

കിളിമാനൂര്‍: രാത്രിയില്‍ കിളിമാനൂര്‍ ടൗണില്‍ പെട്രോള്‍ ഒഴിച്ചു കടയ്ക്കു തീയിട്ട സംഭവത്തില്‍ നാലുപേരെ  പോലിസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ പുളിമാത്ത് ത്രീ സ്റ്റാര്‍ വില്ലയില്‍ ഫൈസല്‍ (31), മേലെ പുതിയകാവ് കാശ്മീരത്തില്‍ അലന്‍ വില്‍സണ്‍ (28), കിളിമാനൂര്‍ മാര്‍ക്കറ്റ് റോഡ് മേലതില്‍ വീട്ടില്‍ സൂരജ് (31), കാട്ടുചന്ത പേരൂര്‍ കെവി ഹൗസില്‍ സജീവ് (34) എന്നിവരെയാണ് കിളിമാനൂര്‍ സിഐ പ്രദീപ് കുമാര്‍, എസ്‌ഐ ബി കെ അരുണ്‍, എഎസ്‌ഐമാരായ ഷാബു, തുളസീധരന്‍ നായര്‍ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18ന് പുലര്‍ച്ചെയാണ് പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്ത് വക കിളിമാനൂരിലെ ബസ് സ്റ്റാന്റിനോട് ചേ ര്‍ന്ന മഹിമ ടീ ഷാപ്പ് ആന്റ് കൂള്‍ബാര്‍ എന്ന സ്ഥാപനം തീയിട്ടു നശിപ്പിച്ചത്. കിളിമാനൂര്‍ പുല്ലയില്‍ സ്വദേശി ഷാജി എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് കട. പുലര്‍ച്ചെ ഒരു മണിയോടെ സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് കടയ്ക്ക് തീയിട്ടതെന്നു സൂചനയുണ്ടായിരുന്നു. കിളിമാനൂരില്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടിയുണ്ടായിരുന്ന ദിവസമായിരുന്നു സംഭവം. ഇതില്‍പ്രതിഷേധിച്ച് വ്യാപാരി വ്യവസായികള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. തീയിട്ടവരെക്കുറിച്ച്  പോലിസിന് വ്യക്തമായ വിവരം അന്നേ ലഭിച്ചിരുന്നെങ്കിലും പ്രതികള്‍ ഒളിവില്‍ പോയി. അതോടെ പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നു. ഇന്നലെ അങ്കമാലിയില്‍ നിന്നാണ് പ്രതികളെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകീട്ട്  തെളിവെടുപ്പിന്റെ ഭാഗമായി പ്രതികളെസംഭവ സ്ഥലത്ത് കൊണ്ടു വന്നിരുന്നു.

RELATED STORIES

Share it
Top