കിറ്റ്‌കോയുമായി ചര്‍ച്ച നടത്തി; നിര്‍മാണ ഷെഡ്യൂള്‍ ഉടന്‍ നല്‍കും

മലപ്പുറം: പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ ഫഌഡ്‌ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  നിര്‍മാണ ചുമതലയുള്ള കിറ്റ്‌കോ പ്രതിനിധിയുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചര്‍ച്ച നടത്തി. ഇന്നലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് യോഗത്തിലേക്ക് വിളിച്ചു വരുത്തിയാണ് വിഷയം ചര്‍ച്ച ചെയ്തത്.
രണ്ട് ദിവസത്തിനകം നിര്‍മാണത്തിന്റെ ഷെഡ്യുള്‍ തയ്യാറാക്കുമെന്ന് യോഗത്തില്‍ അസി. മാനേജര്‍ ബെന്‍ പറഞ്ഞു. തുടര്‍ന്ന് ടെണ്ടര്‍ നടപടി സ്വീകരിക്കും. നേരത്തെ മന്ത്രിതല യോഗത്തിന്റെ മിനുട്‌സ് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് തന്നെ മിനുട്‌സ് ലഭിച്ചിട്ടുണ്ട്. ഫഌഡ്‌ലൈറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ നേരത്തെ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഫളഡ്‌ലൈറ്റിനുള്ള 4.01 കോടി രൂപ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അക്കൗണ്ടില്‍ നേരത്തെ എത്തിയിട്ടുണ്ട്. നാല് ഫഌഡ്‌ലൈറ്റ് ടവറുകളാണ് സ്ഥാപിക്കുക.
സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിങ് പൂള്‍, ഹോക്കി ഗ്രൗണ്ട് തുടങ്ങിയവ കിഫ്ബി വഴി 60 കോടി രൂപയ്ക്കുള്ള പ്രൊജക്ടിനും ഫുട്‌ബോള്‍ അക്കാദമിയടക്കമുള്ള സംവിധാനത്തിന് 95.8 ലക്ഷത്തിനും നേരത്തെ അനുമതിയായിട്ടുണ്ട്. ഇതെല്ലാം ഉള്‍പ്പെടുന്ന രണ്ടാംഘട്ടം പൂര്‍ത്തിയാവുന്നതോടെ ഫുട്‌ബോള്‍ കാണികളേയും താരങ്ങളേയും ആകര്‍ഷിപ്പിക്കുന്ന തരത്തിലേക്ക് സ്റ്റേഡിയം മാറും.
യോഗത്തില്‍ കലക്ടര്‍ അമിത് മീണ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി ഷംസുദ്ദീന്‍, സെക്രട്ടറി രാജു, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ ശ്രീകുമാര്‍, കെ നാസര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top