കിര്‍മാണിക്കു പിന്നാലെ കൊടി സുനിയും വിവാഹിതനാവുന്നു

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കിര്‍മാണി മനോജിനു പിന്നാലെ കൊടി സുനിയും വിവാഹിതനാവുന്നു. കാസര്‍കോട് സ്വദേശിയായ ഡോക്ടറാണ് വധുവെന്നാണു റിപോര്‍ട്ട്. ഫേസ്ബുക്ക് വഴിയുള്ള ബന്ധം പ്രണയത്തിലെത്തുകയും വിവാഹത്തിനു തീരുമാനമാവുകയും ചെയ്തതായാണു വിവരം.
മംഗലാപുരത്തെ ആശുപത്രിയില്‍ പ്രാക്റ്റീസ് ചെയ്യുകയാണ് യുവതി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ചൊക്ലി നിടുമ്പ്രം ഷാരൂണ്‍ വില്ലയില്‍ സുനില്‍കു മാര്‍ എന്ന കൊടി സുനി വിവാഹ ആവശ്യത്തിനു വേണ്ടി അടുത്തുതന്നെ പരോളിലിറങ്ങുമെന്നാണു സൂചന. പരോള്‍ ലഭിച്ചാല്‍ രണ്ടു ദിവസത്തിനകം വിവാഹം നടത്താനാണ് നീക്കം.
മാഹിയിലെ ഇരട്ടക്കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്നു കൊടി സുനി മധ്യസ്ഥ ശ്രമം നടത്തിയതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ടി പി കേസിലെ മറ്റൊരു പ്രതി കിര്‍മാണി മനോജ് വിവാഹിതനായത്. വിവാഹമോചിതയാവാത്ത യുവതിയെയാണ് കിര്‍മാണി മനോജ് വിവാഹം ചെയ്തതെന്നു കാണിച്ച് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നെങ്കിലും വടകര പോലിസ് കേസെടുത്തിരുന്നില്ല.

RELATED STORIES

Share it
Top