കിരീടം ഉറപ്പിക്കാന്‍ ബാഴ്‌സലോണലാകൊരുണ:  സ്പാനിഷ് ലീഗില്‍ കിരീടം ഉറപ്പിക്കാന്‍ ബാഴ്‌സലോണ ഇന്ന് ഡിപോര്‍ട്ടീവോ ലാ കൊരുണയെ നേരിടും. എതിരാളികളെയെല്ലാം പിന്നിലാക്കി ബഹുദൂരം മുന്നിലുള്ള ബാഴ്‌സലോണയ്ക്ക് ഇന്ന് ലാ കൊരുണയ്‌ക്കെതിരേ ജയമോ സമനിലയോ നേടിയാല്‍ സ്പാനിഷ് ലീഗിന്റെ ഈ സീസണിലെ രാജാക്കന്‍മാരാവാം. സ്പാനിഷ് ലീഗിന്റെ ഈ സീസണില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ബാഴ്‌സലോണ കിരീടം ചൂടാനിറങ്ങുന്നത്. 33 മല്‍സരങ്ങള്‍ കളിച്ച ബാഴ്‌സ 25 മല്‍സരങ്ങളിലും ജയിച്ചുകയറിയപ്പോള്‍ എട്ട് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. 83 പോയിന്റുകളോടെയാണ് ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ സമ്പാദ്യം 34 മല്‍സരങ്ങളില്‍ നിന്ന് 72 പോയിന്റാണ്്. ഇന്ന് ബാഴ്‌സലോണ ജയിച്ചാല്‍ പിന്നെ ബാഴ്‌സലോണയെ മറികടക്കാന്‍ അത്‌ലറ്റികോ മാഡ്രിഡിന് സാധിക്കില്ല.തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് പട്ടികയിലെ 18ാം സ്ഥാനക്കാരായ ലാ കൊരുണയെ അനായാസം തന്നെ ബാഴ്‌സലോണ കീഴ്‌പ്പെടുത്തുമെന്നാണ് ആരാധക പ്രതീക്ഷ. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമയോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി ബാഴ്‌സലോണ പുറത്തുപോയതൊഴിച്ചാല്‍ മികച്ച പ്രകടനമാണ് ഈ സീസണിലുടനീളം ബാഴ്‌സലോണ പുറത്തെടുക്കുന്നത്. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ റോമയ്ക്ക് മുന്നില്‍ മാത്രമാണ് ബാഴ്‌സ കീഴടങ്ങിയത്. അവസാന മല്‍സരത്തില്‍ സെവിയ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കും ബാഴ്‌സലോണ തോല്‍പ്പിച്ചിരുന്നു. പട്ടികയില്‍ താഴെ തട്ടിലാണെങ്കിലും അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ ഒരു മല്‍സരം മാത്രമാണ് ലാ കൊരുണ തോറ്റത്. ഇരു ടീമുകളും മുഖാമുഖം വന്ന കണക്കുകളിലും ആധിപത്യം ബാഴ്‌സലോണയ്‌ക്കൊപ്പമാണ്. നേര്‍ക്കുനേര്‍ വന്ന അഞ്ച് മല്‍സരങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്ന് മല്‍സരങ്ങളില്‍ വിജയം ബാഴ്‌സലോണയ്‌ക്കൊപ്പം നിന്നപ്പോള്‍ ഒരു മല്‍സരത്തില്‍ ബാഴ്‌സയെ ലാ കൊരുണ അട്ടിമറിക്കുകയും ചെയ്തു. ഈ സീസണില്‍ സ്പാനിഷ് കോപ്പാ ഡെല്‍ റേ കിരീടം നേടിയ ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടം കൂടി ചൂടി ഇരട്ട കിരീടം സ്വന്തമാക്കാന്‍ ലക്ഷ്യം വച്ചാവും ലാ കൊരുണയ്‌ക്കെതിരേ ബൂട്ടണിയുക.സ്പാനിഷ് ലീഗില്‍ അഞ്ച് മല്‍സരങ്ങള്‍ക്കൂടിയാണ് അവശേഷിക്കുന്നത്. ഇതില്‍ ഒരു മല്‍സരത്തില്‍ പോലും തോല്‍വി വഴങ്ങിയില്ലെങ്കില്‍ ഒരു സീസണില്‍ ഒരു തോല്‍വി പോലും വഴങ്ങാതെ കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡും ബാഴ്‌സലോണയ്‌ക്കൊപ്പം നില്‍ക്കും. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ നിലവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാഴ്‌സലോണയുടെ വിജയക്കുതിപ്പ്.  അതേപോലെ ചാംപ്യന്‍സ് ലീഗിന്റെ അടുത്ത സീസണിലേക്കുള്ള യോഗ്യത ബാഴ്‌സയും അത്‌ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും ഉറപ്പിച്ചുകഴിഞ്ഞു. 66 പോയിന്റുകളോടെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന വലന്‍സിയയും യോഗ്യത നേടുമെന്നുറപ്പാണ്. എന്തായാലും അവസാന സീസണില്‍  റയല്‍ മാഡ്രിഡ് നടത്തിയ സര്‍വാധിപത്യത്തിന് ഇരട്ട കിരീടത്തോടെ മറുപടി പറയാന്‍ ബാഴ്‌സലോണയ്ക്ക് ഈ സീസണിലൂടെ സാധിക്കും.

RELATED STORIES

Share it
Top