കിയോസ്‌കുകള്‍ വഴി കുടിവെള്ളം നല്‍കും

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് വിവിധ ബ്ലോക്കുകളില്‍ കിയോസ്‌കുകള്‍ വഴി വെള്ളം വിതരണം ചെയ്യും. ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ആദിവാസി പുനരധിവാസ മിഷന്‍ അധിതൃതരുടെയും യോഗത്തിലാണ് തീരുമാനം. പുരധിവാസ മേഖലയിലെ 7,8, 10,11,13 ബ്ലോക്കുകളിലാണ് കിയോസ്‌കുകളില്‍ വെള്ളം നിറയ്ക്കുക.
ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ പുതിയ കിയോസ്‌കുകള്‍  സ്ഥാപിക്കും. കോടികള്‍ മുടക്കി പുരനധിവാസ മേഖലയ്ക്കായി അനുവദിച്ച ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. പുനരധിവാസ മേഖലയ്ക്കായി ആറുകോടിയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കിയത്. എന്നാല്‍ മിക്ക പദ്ധതികളില്‍നിന്നും വെള്ളം ലഭിക്കുന്നില്ല.
പൈപ്പ് പൊട്ടിയും മോട്ടോര്‍ കേടായും വെള്ളം പമ്പ് ചെയ്യാത്തതു മൂലം പുനരധിവാസ മേഖലയില്‍ ഉള്‍പ്പെടെ ജനം കടുത്ത ദുരിതത്തിലാണ്. ആദിവാസി കോളനികളിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ അവലോകനം നടത്തും. ജലനിധി പദ്ധതി കാര്യക്ഷമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ചോമാനിക്കുന്ന്, കോട്ടപ്പാറ മേഖലയിലാണ് കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്നത്.
വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ വനത്തില്‍ നിന്നുള്ള നീരുറവകളാണ് ഇവരുടെ ആശ്രയം. നീറുറവകളും വറ്റിയതോടെ കിലോമീറ്ററുകള്‍ നടന്നാ് തലച്ചുമടായാണ് കുടിവെള്ളം കൊണ്ടുവരുന്നത്. പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ച കിയോസ്‌കുകളില്‍ വെള്ളം നിറയ്ക്കുന്നതോടെ ജലക്ഷാമത്തിന് അല്‍പം ആശ്വാസമാവും. അവലോകന യോഗത്തില്‍ ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ പി പി ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോഷി പാലമറ്റം, റൈഹാനത്ത് സുബി പങ്കെടുത്തു.

RELATED STORIES

Share it
Top