കിയാല്‍ നിര്‍മിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ നോക്കുകുത്തിയാവുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മാണ കമ്പനി (കിയാല്‍)യുടെ ഫണ്ട് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ നോക്കുകുത്തിയാവുന്നു. പ്രവൃത്തി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഉദ്ഘാടനം നടത്തിയില്ല. ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
90 ലക്ഷം രൂപ ചെലവില്‍ കീഴല്ലുര്‍ പഞ്ചായത്തിലെ വളയാല്‍, എടയന്നൂര്‍ എന്നിവിടങ്ങളിലാണ് ആശുപത്രികള്‍ നിര്‍മിച്ചത്. വളയാല്‍ അങ്കണവാടിക്ക് സമീപം ഒപി സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ് കെട്ടിടം. എടയന്നൂരില്‍ 70 ലക്ഷം രൂപ മുടക്കി ഭാവിയില്‍ കിടത്തിച്ചികില്‍സ ലഭ്യമാക്കുന്ന തരത്തിലാണ് കെട്ടിടം രൂപകല്‍പന ചെയ്തത്. തൊട്ടടുത്തു തന്നെ പിഎച്ച്‌സിയും പ്രവര്‍ത്തിക്കുന്നുണ്ട്.
എടയന്നൂരിരിലെ കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല ബിഎസ്എന്‍എല്ലാണ് ഏറ്റെടുത്തത്. നിര്‍മാണം പൂര്‍ത്തിയാക്കി കിയാലിന് കൈമാറുകയും ചെയ്തു. നിരവധി രോഗികള്‍ക്ക് ആശ്വാസമേകേണ്ട ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമാണ്.
ഇതിനു പുറമെ മട്ടന്നുര്‍ നഗരസഭയിലെ പ്രധാന സാമൂഹികരോഗ്യ കേന്ദ്രത്തിന് വേണ്ടി കിയാല്‍ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയില്ല. പൂര്‍ത്തിയ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും ഉടന്‍ പൊതുജനങ്ങള്‍ക്ക് വിട്ടുനല്‍വുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top