കിയാല്‍ എംഡിക്ക് നിവേദനം നല്‍കി

കണ്ണൂര്‍: ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി ലോക വ്യോമയാന രംഗത്ത് ഇതുവരെ നടപ്പാക്കാത്ത ക്യു രഹിത സംവിധാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദിശ, കേരള ചേംബര്‍, കേരള ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ കിയാല്‍ എംഡി വി തുളസീദാസിനു നിവേദനം നല്‍കി.
കണ്ണൂര്‍ വിമാനത്താവളം ആഗോളശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതൊരു മികച്ച ചുവടുവയ്പായിരിക്കുമെന്നു സംഘടന ഭാരവാഹികള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ഗള്‍ഫ് മേഖലയ്ക്കു പുറമെ, ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാനവും കോഴിക്കോട് നിന്നു റൂട്ടുകളില്ലാത്തതുമായ സിംഗപുര്‍, ക്വലാലംപൂര്‍, കൊളംബോ, ഹോങ് കോങ്, മൗറീഷ്യസ്, ജൊഹാന്നസ് ബര്‍ഗ് നഗരങ്ങളിലേക്കും കണ്ണൂരില്‍ നിന്നു യാത്ര ചെയ്യാനുള്ള സാധ്യതകള്‍ ഉണ്ടാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സ്വയം ചെക്ക് ഇന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ തരപ്പെടുത്തുന്നുണ്ടെന്നും ക്യു രഹിത സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരുമായി ചര്‍ച്ച നടത്തി സാധ്യമായത് ചെയ്യുമെന്നും തുളസിദാസ് ഉറപ്പുനല്‍കി.
യാത്രക്കാര്‍ക്ക് ഏറ്റവും ആയാസരഹിതമായ രീതിയില്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കിയാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും ആദ്ദേഹം പറഞ്ഞു. വിവിധ റൂട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ സര്‍ക്കാറുകളുമായി ഉണ്ടാക്കുന്ന ധാരണകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്ര സര്‍ക്കാരോട് അഭ്യര്‍ഥിച്ചു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിശയുടെ സി ജയചന്ദ്രന്‍, മധുകുമാര്‍, കേരളാ ചേംബറിന്റെ ടി സോമശേഖരന്‍, കേരളാ ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ടീസിന്റെ കെ ടി രാമകൃഷ്ണന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top