കിമ്മുമായുള്ള ചര്‍ച്ച ഫലപ്രദമല്ലെങ്കില്‍ ഇറങ്ങിപ്പോരും: ട്രംപ്‌

വാഷിങ്ടന്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച ഫലപ്രദമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
കിമ്മുമായുള്ള ചര്‍ച്ചയില്‍ തന്റേതു തുറന്ന സമീപനമായിരിക്കും. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയക്കു മേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും ഇരുനേതാക്കളും വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കായി ഫ്‌ളോറിഡയിലെ ട്രംപിന്റെ കൊട്ടാരത്തിലെത്തിയതായിരുന്നു ആബെ.
പിതാവോ, പിതാമഹനോ, മകനോ ഭരിച്ചിരുന്നപ്പോള്‍ ഒരിക്കല്‍ പോലും കൊറിയയുമായി ഇത്രയധികം അടുപ്പം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കൂടിക്കാഴ്ച വിചാരിച്ചത്ര ഫലപ്രദമായില്ലെങ്കില്‍ യോഗം അവസാനിപ്പിച്ചു താന്‍ മടങ്ങും. പിന്നീട് ഇപ്പോള്‍ നടക്കുന്നതെന്താണോ അതുതന്നെ തുടരും. ഉത്തര കൊറിയയുടെ പിടിയിലുള്ള മൂന്ന് അമേരിക്കക്കാരുടെ മോചനത്തിനായി വളരെ ശ്രദ്ധയോടെയാണു തങ്ങള്‍ കാര്യങ്ങള്‍ നീക്കുന്നത്.
ഉത്തര കൊറിയക്കു മേല്‍ യുഎസിന്് ഇത്രയേറെ മേല്‍ക്കൈ ലഭിച്ച അവസരം മുമ്പുണ്ടായിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.ഉച്ചകോടിക്ക് മുന്നോടിയായി നിയുക്ത വിദേശകാര്യ സെക്രട്ടറിയും സിഐഎ ഡയറക്ടറുമായ മൈക് പോംപിയോ ഈ മാസം ആദ്യം ഉത്തര കൊറിയന്‍ നേതാവ് കിംജോങ് ഉന്നിനെ സന്ദര്‍ശിച്ചിരുന്നു.
കിമ്മുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മെയ് അവസാനമോ, ജൂണിലോ നടക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, തിയ്യതിയും വേദിയും തീരുമാനിച്ചിട്ടില്ല. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അഞ്ചോളം സ്ഥലങ്ങള്‍ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

RELATED STORIES

Share it
Top