കിമ്മിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഡോണള്‍ഡ് ട്രംപ്‌

വാഷിങ്ടണ്‍: ആണവ നിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കു തയ്യാറെന്ന ഉത്തര കൊറിയന്‍ നിലപാടിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  കൊറിയന്‍ ഉപഭൂഖണ്ഡത്തെ അണ്വായുധമുക്തമാക്കാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യുഎസും സഖ്യകക്ഷികളുമെന്നും ട്രംപ് വ്യക്തമാക്കി. സ്വീഡിഷ് പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര കൊറിയ യുഎസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇത് ഗുണകരമായ മാറ്റത്തിലേക്കു നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസുമായി ചര്‍ച്ചയ്ക്കു തയ്യാറെങ്കില്‍ ഉത്തര കൊറിയ അണ്വായുധ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതില്‍ ആത്മാര്‍ഥത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഗുണപരമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ചിലപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താവാമെന്നും പ്രസിഡന്റ് പറഞ്ഞു. ഉത്തര കൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാല്‍ അണ്വായുധം ഉപേക്ഷിക്കാമെന്നും സമാധാന ചര്‍ച്ച നടത്താമെന്നും കിം ജോങ് ഉന്‍ പറഞ്ഞതായി കഴിഞ്ഞദിവസം ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘം അറിയിച്ചിരുന്നു.

RELATED STORIES

Share it
Top