കിന്‍ഫ്ര 2500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി തുടങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്തവളത്തിന്റെ വരവോടെ വന്‍ വ്യവസായം ലക്ഷ്യമിട്ട് മട്ടന്നൂര്‍ മേഖലയില്‍ കിന്‍ഫ്ര 2500 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വിവിധ ഘട്ടങ്ങളിലായി 3000 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക.
വിമാനത്താവളത്തിന് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന പനയത്താംപറമ്പിലും കൂടാളി പഞ്ചായത്തിലെ പട്ടാനൂരിലും 500 ഏക്കര്‍ സ്ഥലവും കൂടാളിയില്‍ 1000 ഏക്കറും മട്ടന്നൂര്‍ നഗരസഭയിലെ കോളാരിയില്‍ 800 ഏക്കറും ചാവശ്ശേരിയില്‍ 228 ഏക്കറും ഏറ്റെടുക്കും. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ മൊകേരിയില്‍ 500 ഏക്കര്‍ ഏറ്റെടുത്ത് 200 ഏക്കറില്‍ മെക്‌സിക്കന്‍ ഡിവൈസസ് പാര്‍ക്ക് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.
വിവിധതരം മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള പൊതുസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ശേഷിക്കുന്ന 300 ഏക്കറില്‍ മറ്റു ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കാനാവശ്യമായ സൗകര്യവും സജ്ജീകരിക്കും. ഇതിന് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മറ്റു സ്ഥലങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അനുമതി ലഭിക്കാനുണ്ട്. പാരിസ്ഥിതിക-സാമൂഹിക ആഘാതപഠനവും പൂര്‍ത്തീകരിക്കണം.
കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പില്‍ വ്യവസായ പാര്‍ക്കിന് രണ്ടുവര്‍ഷം മുമ്പ് 140 ഏക്കര്‍ സ്ഥലം കിന്‍ഫ്ര ഏറ്റെടുത്തിരുന്നു.
12.5 കോടി രൂപ ചെലവില്‍ പാര്‍ക്കിലേക്കുള്ള റോഡ് നിര്‍മാണപ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താമ് പാര്‍ക്കിന് തറക്കല്ലിട്ടത്. പിന്നീടെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് സ്ഥലമേറ്റടുപ്പും ചുറ്റുമതില്‍- പ്രവേശനകവാട നിര്‍മാണവും പൂര്‍ത്തിയാക്കി.
107 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ 40 ഏക്കറില്‍ പ്ലാസ്റ്റിക് പാര്‍ക്ക് ആരംഭിക്കാനും പ്രത്യേക മേഖലയില്‍ റീ സൈക്ലിങ് ഫാക്ടറി ഉള്‍പ്പടെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് 40 കോടി രൂപ ലഭ്യമാക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.

RELATED STORIES

Share it
Top