കിണറ്റില്‍ വീണ രണ്ടര വയസ്സുകാരനെ പിതാവ് രക്ഷപ്പെടുത്തി

കളമശ്ശേരി: കിണറ്റില്‍ വീണ രണ്ടര വയസ്സുകാരനെ പിതാവ് സാഹസികമായി രക്ഷിച്ചു. കളമശ്ശേരി മുലേപ്പാടത്ത് താമസിക്കുന്ന അശോകന്റെ മകന്‍ അശ്വിന്‍ ആണ് അദ്്ഭുതകരമായി രക്ഷപ്പെട്ടത്. മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ 50 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം സമീപത്ത് പണിക്ക് പോയിരുന്ന അശോകന്‍ ഒച്ചകേട്ട് ഓടിയെത്തി കിണറ്റിലേക്ക് ചാടി കുട്ടിയെ വെള്ളത്തില്‍ നിന്നും പൊക്കി പിടിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇട്ടു കൊടുത്ത കയറില്‍ പിടിച്ച് അശോകനും മകനും  രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറിന്റെ സംരക്ഷണ ഭിത്തി പൊളിഞ്ഞ് ഇളകിയിരുന്നു. അതിനാല്‍ കിണറ്റില്‍ ആരും വീഴാതിരിക്കാന്‍ നെറ്റ് വലിച്ച് കെട്ടിയിരുന്നു. ഇതിലൂടെയാണ് കുട്ടി കിണറ്റില്‍ വീണതെന്ന് പറയുന്നു. വിവരം അറിഞ്ഞ് ഏലൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴെക്കും പിതാവ് കുട്ടിയെ രക്ഷിച്ചിരുന്നു.

RELATED STORIES

Share it
Top