കിണറ്റില്‍ ചാടിയ നേപ്പാള്‍ സ്വദേശിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

മുക്കം: കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നേപ്പാള്‍ സ്വദേശിയായ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. നേപ്പാള്‍ സ്വദേശി ദീപക്( 27) നെയാണ് മുക്കം അഗ്‌നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയത്. ചെവ്വാഴ്ച രാവിലെ 11 മണിയോടെ കാരശ്ശേരി പഞ്ചായത്തിലെ കാലിക്കറ്റ് എസ്‌റ്റേറ്റിനു സമീപത്തെ കിണറ്റിലാണ് ഇയാള്‍ ചാടിയത്. രക്ഷപ്പെടുത്തുമ്പോള്‍ ദീപക്കിന്റെ കഴുത്തില്‍ വെള്ളം കോരാന്‍ ഉപയോഗിച്ചിരുന്ന കയര്‍ കുടുങ്ങിക്കിടന്നതായി സേനാംഗങ്ങള്‍ പറഞ്ഞു. 40 അടിയോളം ആഴമുള്ള കിണറ്റില്‍ വെള്ളം കുറവായിരുന്നു. മാത്രമല്ല പല ഭാഗങ്ങളിലും പാറയുമുണ്ടായിരുന്നു. കഴുത്തില്‍ കയര്‍ ചുറ്റിയ ശേഷം കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദീപക് ഇതുവരെ സംസാരിച്ചിട്ടില്ല.
ഭാര്യയുമായുണ്ടായ പിണക്കമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇയാളുടെ ഭാര്യയോ മറ്റു ബന്ധുക്കളോ ഇതുവരെ ആശുപത്രിയില്‍ എത്തിയിട്ടില്ല. ഭാര്യയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് ഇയാളെ മര്‍ദിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.
മുക്കം അഗ്‌നി രക്ഷാ സ്‌റ്റേഷന്‍ ഓഫീസര്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍  ഫയര്‍മാന്‍ കെ ടി നിഖിലാണ് സാഹസികമായി കിണറ്റിലിറങ്ങി ദീപക്കിനെ രക്ഷിച്ചത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ വിജയന്‍, കെ നാസര്‍, സന്തോഷ്‌കുമാര്‍, വീജീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top