കിണറുകളില്‍ മലിനജലം: ജീവനക്കാര്‍ക്ക് ത്വഗ്‌രോഗങ്ങള്‍ പിടിപെടുന്നു

പുതുക്കാട്: പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കിണറുകളില്‍ ജലം മലിനമായതിനാല്‍ ജീവനക്കാര്‍ക്ക് ത്വക്ക് രോഗങ്ങള്‍ പിടിപെടുന്നു. കുടിശ്ശിക മൂലം വാട്ടര്‍ അതോറിറ്റി പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചത് ജീവനക്കാര്‍ക്ക് വിനയായിരിക്കുകയാണ്.
പുതുക്കാട് ഡിപ്പോയിലെ രണ്ട് കിണറുകളിലും വെള്ളം മലിനമായതോടെ സ്ത്രീകളുള്‍പ്പടെ നൂറോളം ജീവനക്കാരും യാത്രക്കാരുമാണ് ദുരിതത്തിലായത്. നിത്യേന മലിനജലം ഉപയോഗിക്കേണ്ടിവരുന്ന ജീവനക്കാര്‍ക്ക് ത്വക്ക് രോഗങ്ങള്‍ പിടിപ്പെട്ടതായും പറയുന്നു. കുടിശിക വരുത്തിയതിനാല്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചതോടെ ദുരിതത്തിലായ ജീവനക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ഒരു ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി കുടിശികയായി വാട്ടര്‍ അതോറിറ്റിക്ക് അടയ്ക്കാനുള്ളത്. ഡിപ്പോയില്‍ താമസിക്കുന്ന ഇതര ജില്ലകളില്‍ നിന്നുള്ള ജീവനക്കാരാണ് എറ്റവും ദുരിതമനുഭവിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ലാത്ത ഇവരില്‍ പലര്‍ക്കും ത്വക്ക് രോഗങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. തോട്ടം വനം മേഖലകള്‍ക്ക് ആശ്രയമായ സ്റ്റാന്റില്‍ ശുദ്ധജലമില്ലാത്തത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഡിപ്പോയില്‍ എത്തുന്നത്. വെള്ളത്തിലെ ഇരുമ്പിന്റെ സാന്നിധ്യം ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മലിനജലത്തിലടങ്ങിയ പദാര്‍ത്ഥങ്ങള്‍ എന്താണെന്നത് പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കണമെങ്കില്‍ വകുപ്പ് എംഡിയുടെ അനുമതിവേണം. വകുപ്പിന്റെ നിര്‍ദ്ദേശമില്ലാതെ ആരോഗ്യ വകുപ്പിനും പ്രശ്‌നത്തിലിടപെടാനാവാത്ത സ്ഥിതിയാണ്. കിണറിലെ വെള്ളം മലിനമായ സ്ഥിതിക്ക് തുടര്‍ന്ന് ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വെള്ളം ശുദ്ധീകരിച്ച് കിണര്‍ ഉപയോഗയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് കൈക്കൊള്ളണമെന്ന ആവശ്യത്തിലാണ് ഡിപ്പോയിലെ ജീവനക്കാര്‍. ജീവനക്കാര്‍ക്ക് ശുദ്ധജലം എത്തിച്ചു കൊടുക്കുന്നതിനുള്ള നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പൊതുപ്രവര്‍ത്തകരായ ജോയ് മഞ്ഞളി, വിജു തച്ചംകുളം എന്നിവര്‍ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കിണറുകളിലെ മലിനമായ വെള്ളം പരിശോധനക്ക് വിധേയമാക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top