കിടപ്പ് രോഗികളുടെ സ്‌നേഹസംഗമം സംഘടിപ്പിച്ചുകായംകുളം: കനിവിന്റെ സ്‌നേഹതീരത്ത് വേദനകള്‍ മറന്ന് കിടപ്പ് രോഗികള്‍ ഒത്തുകൂടി. ബോട്ട് യാത്രയും കലാവിരുന്നും സദ്യയും ഒക്കെയായി കിടപ്പ് രോഗികളുടെ സ്‌നേഹസംഗമം വേറിട്ട അനുഭവമായി.ബ്ലഡ് ഡൊണേഷന്‍ സെല്ലിന്റെ നേതൃത്വത്തിലാണ് ഇന്നലെ കായംകുളം ഡിടിപിസി അമിനിറ്റി സെന്ററിനോട് ചേര്‍ന്നുള്ള കായലോര വിശ്രമ കേന്ദ്രത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചത്. നൂറോളം സ്ത്രീകളും വയോജനങ്ങളും പുരുഷന്മാരും കൂടാതെ ഓട്ടിസം ബാധിച്ച കുട്ടികളും സംഗമത്തില്‍ പങ്കുചേര്‍ന്നു.സംഗമത്തില്‍ പങ്കെടുത്ത  രോഗികള്‍ക്കായി കിടക്കകളും വീല്‍ചെയറുകളും സജ്ജീകരികരിച്ചിരുന്നു. കായംകുളം കായലിലൂടെയുള്ള ബോട്ട് യാത്ര കിടപ്പ് രോഗികളുടെ മനസ്സുകള്‍ക്ക് ആനന്ദം പകര്‍ന്നു.മാജിക് ഷോ, കോമഡിഷോ, ഗാനമേള എന്നിവയും സംഘടിപ്പിച്ചിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്കളുടെ സ്‌നേഹവര, കാരിക്കേച്ചര്‍ എന്നിവയും ശ്രദ്ധേയമായി. സംഗമത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും വസ്ത്രങ്ങളും സംഘാടകര്‍ സമ്മാനിച്ചു. രോഗികള്‍ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള കിടപ്പ് രോഗികളും സംഗമത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു. കെ സി വേണുഗോപാല്‍ എംപി, യു പ്രതിഭാഹരി എംഎല്‍എ, ഡിസിസി പ്രസിഡന്റ്് എം ലിജു, ബ്ലഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഷമീര്‍, ചേതന ഡയറക്ടര്‍ ഫാ. ബിന്നി നെടുംപുറത്ത്, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ചലച്ചിത്ര താരം ടി പി മാധവന്‍, യവനിക ഗോപാലകൃഷ്ണന്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍സലാം, യു മുഹമ്മദ്, ഡി അശ്വനിദേവ്, കെ പി ശ്രീകുമാര്‍, ഡോ. ആശിഷ് പങ്കെടുത്തു. നവാസ് ഓണ്‍ ഡ്രൈവ്, നൂറുദീന്‍, ഇയാസ്, അസീം, നിഷാദ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top