കിടപ്പാടം ഒഴിപ്പിക്കല്‍; പ്രീതാ ഷാജി അടക്കമുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തു

കൊച്ചി: കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന പ്രീതാ ഷാജി അടക്കമുള്ള സര്‍ഫാസി വിരുദ്ധ സമരസമിതിയുടെ 40ഓളം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കിടപ്പാടങ്ങള്‍ ജപ്തി ചെയ്യാന്‍ അനുവദിക്കില്ല, റിക്കവറി ഓഫിസര്‍ എം രംഗനാഥ് നടത്തിയ ലേലങ്ങള്‍ റദ്ദാക്കുക, വഴിവിട്ട കടംപിടിച്ചെടുക്കല്‍ വിലയിരുത്താന്‍ ജുഡീഷ്യല്‍ കമ്മീഷനെയും റിയല്‍ എസ്‌റ്റേറ്റ് കോഴ ലേലം അന്വേഷിക്കാന്‍ സിബിഐയെയും നിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം ഡെബ്റ്റ് റിക്കവറി ട്രൈബൂണലി(ഡിആര്‍ടി)നു മുന്നില്‍ രണ്ടു ദിവസത്തെ രാപകല്‍ സമരം നടത്താന്‍ എത്തിയതായിരുന്നു സംഘം. ഇന്നലെ രാവിലെ സമരം ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രവര്‍ത്തകരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയായിരുന്നു സമരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അവര്‍ സമരസ്ഥലത്തേക്ക് എത്തുന്നതിനു മുമ്പ് പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആനി രാജ പോലിസ് സ്‌റ്റേഷനിലെത്തി സമരക്കാരെ കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരം ചെയ്യാന്‍ പോലും അനുവദിക്കാത്ത പോലിസ് നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ആനി രാജ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, അക്രമാസക്തമായി മാറുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കിയതെന്നാണ് പോലിസിന്റെ വിശദീകരണം. അറസ്റ്റ് ചെയ്ത 40ഓളം പ്രവര്‍ത്തകരില്‍ ഒമ്പതു പേരെ പോലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രീതാ ഷാജിയടക്കം ബാക്കിയുള്ളവരെ വൈകുന്നേരത്തോടെ വിട്ടയച്ചു. പ്രീതാ ഷാജിയുടെ കുടിയൊഴിപ്പിക്കല്‍ തടഞ്ഞതിന്റെ പേരില്‍ പോലിസ് നേരത്തേ കണ്ടാലറിയാവുന്ന 50ഓളം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതില്‍പ്പെട്ടവരാണ് ഈ ഒമ്പതു പേരെന്ന് ആരോപിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്.

RELATED STORIES

Share it
Top