കിക്കോഫ് കാത്ത് കേരളം

എച്ച് സുധീര്‍

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ഇന്നുമുതല്‍ പന്തുരുളും. വൈകീട്ട് ആറിനു നേപ്പാളും ശ്രീലങ്കയും തമ്മിലുള്ള മല്‍സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുക.
ഇന്ത്യയുടെ ആദ്യ മല്‍സരം ക്രിസ്മസിന് അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേയാണ്.ഐഎസ്എല്ലില്‍ ലോകോത്തര താരങ്ങളുമായി കളിച്ചുള്ള പരിചയവുള്ള ഒരുപിടി താരങ്ങളുമായാണ് ആതിഥേയരായ ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. എ ഗ്രൂപ്പില്‍ ദുര്‍ബലരായ നേപ്പാളും ശ്രീലങ്കയും ആയതിനാല്‍ ഇന്ത്യയുടെ സെമി വരെയുള്ള യാത്ര എളുപ്പമാണ്. എന്നാല്‍, നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താനും ബംഗ്ലാദേശും മാലദ്വീപും ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. ഫിഫ റാങ്കിങില്‍ 172ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ മുന്നിലാണ് അഫ്ഗാന്‍ (139), ബംഗ്ലാദേശ് (158), മാലദ്വീപ് (166) ടീമുകള്‍.
2011ലാണ് ഇന്ത്യ അവസാനമായി സാഫ് കപ്പില്‍ മുത്തമിട്ടത്. സുനില്‍ ഛെത്രിയുടെ കീഴില്‍ ഇന്ത്യന്‍ യുവനിര 2011ലെ പ്രകടനം വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐഎസ്എല്ലില്‍ ആറുഗോളുകളുമായി തിളങ്ങിയ ഛെത്രിയില്‍ തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷ. ഡല്‍ഹി ഡൈനാമോസിനു വേണ്ടി തിളങ്ങിയ റോബിന്‍സിങ്, ചെന്നൈ ടീമിലെ ജെജെ ലാല്‍പെഖ്‌ലൂവ, ഡെംപോ താരമായ 21കാരന്‍ ഹോളിചരണ്‍ നര്‍സാരി എന്നിവരും മുന്‍നിരയിലുണ്ടാവും. മുംബൈ സിറ്റി താരമായിരുന്ന സുബ്രത്പാല്‍, ചെന്നൈ താരമായിരുന്ന കരണ്‍ജിത് സിങ് എന്നിവരാവും ഗോള്‍വല കാക്കുക. കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ കെവിന്‍ ലോബോ, ഡല്‍ഹിക്കായി ഇറങ്ങിയ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ബാംഗ്ലൂര്‍ എഫ്‌സി താരം യൂജെന്‍സന്‍ ലിങ്‌ദോ എന്നിവര്‍ മധ്യനിരയ്ക്കു കരുത്തേകും. ബ്ലാസ്‌റ്റേഴ്‌സിന്റെ സന്ദേശ് ജിങ്കാനാണ് പ്രതിരോധനിരയിലെ വിശ്വസ്തന്‍.
ടൂര്‍ണമെന്റിനു മുന്നോടിയായി ഇന്നലെ നടന്ന പരിശീലകരുടേയും ക്യാപ്റ്റന്മാരുടേയും വാര്‍ത്താസമ്മേളനത്തില്‍ ഏഴുരാജ്യങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ടീമിലെ മികവുറ്റ യുവനിര തനിക്കും ടീമിനും ആത്മവിശ്വാസം നല്‍കുന്നതായി ക്യാപ്റ്റന്‍ ഛെത്രി പറഞ്ഞു. ടൂര്‍ണമെന്റിന് മുമ്പ് കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാനായതിനാല്‍ ടീം മികച്ച ആത്മവിശ്വാസത്തിലാണെന്നും താരം വ്യക്തമാക്കി. ഭാവിയിലേക്കുള്ള മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാനാണ് തന്റെ ശ്രമമെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ഐഎസ്എല്‍ ടൂര്‍ണമെന്റിലൂടെ നിരവധി യുവതാരങ്ങള്‍ അവസരം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top