കിം ജോങ് ഉന്‍-മൂണ്‍ ജെ ഇന്‍ ചര്‍ച്ച ഇന്ന്‌

സോള്‍: ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കം. അതിര്‍ത്തിയിലെ സൈനിക സാന്നിധ്യമില്ലാത്ത സമാധാനഗ്രാമം എന്നറിയപ്പെടുന്ന പാന്‍മുന്‍ജോമില്‍ വച്ചാണ് ചര്‍ച്ച നടക്കുക.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഇതാദ്യമായാണ് മുഖാമുഖം ചര്‍ച്ച നടത്തുന്നത്. കൊറിയന്‍ ഉപദ്വീപിന്റെ ആണവനിരായുധീകരണമായിരിക്കും പ്രധാനമായും ചര്‍ച്ചയാവുന്ന വിഷയം. ഇരു കൊറിയകളുടെയും സംയുക്ത യുദ്ധവിരാമക്കരാറും ചര്‍ച്ചയാവും. മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക ചുവടാവും ഉച്ചകോടിയെന്നാണ് പ്രതീക്ഷ.  ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കാര്യാലയമാണ് ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
കൊറിയന്‍ സമയം രാവിലെ 9.30ന്   പാന്‍മുന്‍ജോമില്‍ എത്തുന്ന കിം ജോങ് ഉന്നിനെ  ദക്ഷണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ സ്വീകരിക്കും. തുടര്‍ന്ന്, പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരിക്കും ചര്‍ച്ച. ഉടന്‍ നടക്കാനിരിക്കുന്ന കിം ജോങ് ഉന്‍-ട്രംപ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും ചര്‍ച്ചചെയ്‌തേക്കും. ഉച്ചകോടിക്കു ശേഷം ഉത്തര കൊറിയന്‍ തലവന് ദക്ഷിണ കൊറിയ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
ഇരു കൊറിയകളും തമ്മില്‍ 2007ലാണ് അവസാനമായി ചര്‍ച്ച നടന്നത്. 1953ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ദക്ഷിണ കൊറിന്‍ അതിര്‍ത്തി കടക്കുന്ന ആദ്യ ഉത്തര കൊറിയന്‍ നേതാവാവും കിം ജോങ് ഉന്‍. യുദ്ധത്തിനു ശേഷം മൂന്നാം തവണയാണ് ഇരു കൊറിയകളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. നേരത്തേ നടന്ന രണ്ടു ചര്‍ച്ചകളും ഉത്തര കൊറിയയില്‍ വച്ചായിരുന്നു. കിം ജോങ് ഉന്നും സഹോദരി കിം യോ ജോങും അടങ്ങുന്ന ഒമ്പതംഗ സംഘമാണ് ഉച്ചകോടിക്കായി ദക്ഷിണ കൊറിയയിലെത്തുക.

RELATED STORIES

Share it
Top