കിം ജോങ് ഉന്നിന്റെ പത്‌നിക്ക് പ്രഥമ വനിതാ പദവി നല്‍കും

പ്യോങ്‌യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പത്‌നി റി സോള്‍ ജുവിന് പ്രഥമ വനിതാ പദവി നല്‍കും. കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണു നടപടി. യുഎസില്‍ ഡോണള്‍ഡ് ട്രംപിന്റെ പത്‌നി മെലാനിയ ട്രംപിന്റേതിന് സമാനമായ പദവിയാണ് ഉത്തര കൊറിയയില്‍ റി സോള്‍ ജുവിനും നല്‍കിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ പത്‌നിക്കു പ്രഥമ വനിതാ പദവി നല്‍കുന്നത്.
പൊതുവേദികളില്‍ കിം ജോങ് ഉന്നിനൊപ്പം പ്രത്യക്ഷപ്പെടാറുള്ള റി സോള്‍ ജു കഴിഞ്ഞ വാരം ഒരു ചൈനീസ് നൃത്തസംഘത്തിന്റെ ബാലെ അവതരണം വീക്ഷിക്കുന്നതിനായി ഒരു പൊതുവേദിയില്‍ ഒറ്റയ്ക്കു പ്രത്യക്ഷപ്പെട്ടിരുന്നു. ബഹുമാനപ്പെട്ട പ്രഥമ വനിത എന്നു റി സോള്‍ ജുവിനെ ഉത്തര കൊറിയന്‍ മാധ്യമങ്ങളുടെ റിപോര്‍ട്ടുകളില്‍ വിശേഷിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ഉത്തര കൊറിയയെക്കുറിച്ചുള്ള അസ്വാഭാവികതകള്‍ മാറ്റുന്നതിന്റെ ഭാഗമായാവാം പ്രഥമ വനിതാ പദവിയെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

RELATED STORIES

Share it
Top