കാസര്‍കോഡ് ജില്ലയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയം ; ഒരു വര്‍ഷത്തിനിടെ 10,964 ക്രിമിനല്‍ കേസും 20 കൊലപാതകങ്ങളുംഎച്ച് സുധീര്‍

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ നിരന്തരമായി അതിക്രമങ്ങള്‍ നടക്കുന്ന കാസര്‍കോഡ് ജില്ലയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം. ആഭ്യന്തര വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം കാസര്‍കോട് ജില്ലയില്‍ അരങ്ങേറിയ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകള്‍ ഭീകരമാണ്. 10,964 ക്രിമിനല്‍ കേസുകളാണ് ഈ കാലയളവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 14,465 പേരാണ് ഇത്രയും കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍. എന്നാല്‍, അറസ്റ്റിലായവര്‍ 12,473 പേര്‍ മാത്രമാണ്. ക്രിമിനലുകളുടെ ലിസ്റ്റിലുള്ള 1992 പേര്‍ ഇപ്പോഴും പ്രദേശത്ത് സൈ്വരവിഹാരം നടത്തുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതികളെ യഥാസമയം നിയമത്തിനു മുന്നിലെത്തിച്ച് കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ക്രിമിനല്‍ കേസുകള്‍ ഇത്രമാത്രം വര്‍ധിക്കാന്‍ കാരണം. സാമുദായിക സംഘര്‍ഷങ്ങള്‍ക്കു പുറമേ മണല്‍-ഗുണ്ട-കഞ്ചാവ് മാഫിയാ സംഘങ്ങളുടെ വേരോട്ടം വ്യാപകമായതും അവരുടെ കുടിപ്പകയും കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനു കാരണമായി. 2016 മെയ് മുതല്‍ ഈ വര്‍ഷം മെയ് 9 വരെ 20 കൊലപാതകങ്ങളാണ് നടന്നത്. 2016 മെയ്-ഡിസംബറില്‍ 12ഉം 2017 മെയ് വരെ എട്ടും. ഈ 20 കൊലപാതകക്കേസുകളില്‍ പിടിയിലായതു 40 പേരാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു പുറമേ ന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള അതിക്രമവും അടുത്തിടെ ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 20ന് പഴയചൂരിയില്‍ മദ്‌റസാ അധ്യാപകനായ റിയാസ് മൗലവിയെ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു. പ്രദേശത്തു വര്‍ഗീയ കലാപത്തിനു വഴിയൊരുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. ഇതിനു മുമ്പും ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ അതിക്രമങ്ങളും കൊലപാതകങ്ങളും സംഘപരിവാര സംഘടനകളുടെ ഭാഗത്തുനിന്നും അരങ്ങേറിയിട്ടുണ്ട്. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങളിലും ഇരട്ട നീതിയാണ് പലപ്പോഴും പോലിസ് നടപ്പാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഇതിനു പുറമേ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീലിനെ ഒരു സംഘം പഞ്ചായത്ത് ഓഫിസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. പെര്‍മുദെ മണ്ഡേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണ മല്യയും പെര്‍വാട്ടെ അബ്ദുല്‍ സലാമും അടുത്തിടെ കൊലക്കത്തിക്ക് ഇരയായവരാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കും ജില്ലയില്‍ കുറവൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് 712 കേസുകളാണ് ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കുറ്റകൃത്യങ്ങളില്‍ പ്രതികളായ 210 പേര്‍ ഇപ്പോഴും പിടിയിലായിട്ടില്ലെന്നതു പോലിസിന്റെ വീഴ്ചയുടെ തോത് വര്‍ധിപ്പിക്കുന്നു.

RELATED STORIES

Share it
Top