കാസര്‍കോട്: സഹോദരങ്ങളായ കുട്ടികള്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: ദേശീയപാതയിലെ അടുക്കത്തുബയലില്‍ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ രണ്ടു കുരുന്നുകള്‍ മരിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലായിരുന്നു അപകടം. ഏഴുപേര്‍ക്കു പരിക്കേറ്റു. ചൗക്കി അര്‍ജാല്‍ റോഡിലെ എ കെ റെജീഷിന്റെ മക്കളായ മുഹമ്മദ് മിന്‍ഹാജ് (നാലര), ഇബ്രാഹീം ഷാസിര്‍ (ഏഴ്) എന്നിവരാണ് മരിച്ചത്. മുഹമ്മദ് മിന്‍ഹാജ് ഞായറാഴ്ച രാത്രിയിലും ഇബ്രാഹീം ഷാസിര്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയുമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
പിതാവിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു. ഇതിന് പിറകെ മറ്റൊരു ബൈക്കിലും കാറിലും ബസ് ഇടിച്ചു. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. കാര്‍ യാത്രക്കാരായ മേല്‍പറമ്പിലെ റിസ്‌വാന്‍ (24), ബന്ധു റഫീഖ് (36), റിസ്‌വാന്റെ സഹോദരി റുക്‌സാന (28), ഇവരുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു ബൈക്ക് യാത്രക്കാരനായ ജമാല്‍ അഹ്മദിനും പരിക്കേറ്റു. അപകടത്തില്‍ മരിച്ച കുട്ടികളുടെ പിതാവ് റെജീഷിനും ഗുരുതര പരിക്കുണ്ട്. ഇദ്ദേഹത്തെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് മിന്‍ഹാജ്. നായന്മാര്‍മൂല എന്‍എ മോഡല്‍ സ്‌കൂളിലെ രണ്ടാംതരം വിദ്യാര്‍ഥിയാണ് ഷാസിര്‍. മാതാവ്: മഹ്‌സൂമ.

RELATED STORIES

Share it
Top