കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു വീണ്ടും ജീവന്‍വയ്ക്കുന്നു

ബദിയടുക്ക: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെക്കുന്നു. ആശുപത്രി ബ്ലോക്കിന് 80 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 11ന് തിരുവനന്തപുരത്ത് ചേരുന്ന ടെക്‌നിക്കല്‍ കമ്മിറ്റി ടെന്‍ഡറിന് അംഗീകാരം നല്‍കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ആര്‍ആര്‍ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനമാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തത്. ഏതാനും ദിവസം മുമ്പ് സ്ഥാപന മേധാവികളെത്തി മെഡിക്കല്‍ കോളജ് നിര്‍മാണസ്ഥലത്ത് ഭൂമി പൂജ നടത്തി. കാലവര്‍ഷം അവസാനിക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിലാണ് സ്ഥാപിക്കുന്ന കോളജാണ് സാങ്കേതിക കുരുക്കില്‍പെട്ട് നിര്‍മാണം അനിശ്ചിതത്വത്തിലായിരുന്നത്.
നേരത്തെ കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം നടത്തിയിരുന്നുവെങ്കിലും അതിന് ശേഷം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടിലായിരുന്നു. നബാര്‍ഡില്‍ നിന്നും ലഭിച്ച 69 കോടി രൂപക്ക് ആശുപത്രി ബ്ലോക്കിന് നേരത്തെ ടെന്‍ഡര്‍  ആയിരുന്നുവെങ്കിലും പിന്നീടത് റദ്ദാവുകയായിരുന്നു. സങ്കേതിക കാരണം പറഞ്ഞാണ് ടെക്‌നിക്കല്‍ കമ്മിറ്റി അന്ന് ടെന്‍ഡര്‍ റദ്ദ് ചെയ്തത്.
രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരവധി സംഘടനകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കിടപ്പ് സമരവും ഏറ്റവും ഒടുവില്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് കാത്തിരിപ്പ് സമരവും നടത്തിയിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ദിവാനെ നിരന്തരം ബന്ധപെടുകയും അദ്ദേഹം കാസര്‍കോട് മെഡിക്കല്‍ കോളജിന് വേണ്ടി താല്‍പര്യം പ്രകടിപ്പിക്കുകയും സാങ്കേതിക അനുമതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകരുകയുമായിരുന്നു.
തുടര്‍ന്നാണ് 80,26,77,000 രൂപയുടെ സാങ്കേതിക അനുമതിയായത്. കാസര്‍കോട്് മെഡിക്കല്‍ കോളജിന് മൊത്തം 385 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വൈദ്യുതീകരണ പ്രവൃത്തികള്‍ക്കായി ആറര കോടി രൂപയും റസിഡന്‍ഷ്യല്‍ ഫെസിലിറ്റിസ്, ഹോസ്റ്റല്‍ ബ്ലോക്ക് തുടങ്ങിയവ നിര്‍മിക്കുന്നതിനായി 150 കോടി രൂപ വേണ്ടി വരൂമെന്നാണ് കണക്കാക്കപ്പെടുന്നത്. കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിലെ അറുപത് ഏക്കര്‍ സ്ഥലത്താണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ് മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനം നിര്‍വഹിച്ചത്. രണ്ട് വര്‍ഷംകൊണ്ട് നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. റോഡ് നിര്‍മാണ  പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. പിന്നീടുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ പ്രവര്‍ത്തനത്തിന് 68 കോടി രൂപ അനുവദിക്കുകയും ഹൈദരബാദ് ആസ്ഥാനമായുളള ശ്രീകോ പ്രവൃത്തി ഏറ്റെടുത്ത് അവസാന മിനുക്ക് പണിയിലാണ്. മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനത്തിന് തുക അനുവദിച്ചതോടെ പ്രവര്‍ത്തനം നിലച്ച് പ്രതീക്ഷ നഷ്ടപ്പെട്ട മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കമുള്ളവര്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കണമെങ്കില്‍ ഇപ്പോള്‍ കര്‍ണാടകയിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഇതിന് പരിഹാരമായാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് അനുവദിച്ചത്. എന്നാല്‍ ഇതോടൊപ്പം അനുവദിച്ച മറ്റു മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെങ്കിലും അധികൃതരുടെ അനാസ്ഥമൂലം കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം പാതിവഴിയിലാവുകയായിരുന്നു.

RELATED STORIES

Share it
Top