കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ഹര്‍ത്താല്‍ ബന്ദായി

കാസര്‍കോട്്: വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്, ചെര്‍ക്കള, നായന്മാര്‍മൂല, കുമ്പള, മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസും സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ സ്വകാര്യ വാഹനങ്ങള്‍ പോലും പലയിടത്തും ഹര്‍ത്താ ല്‍ അനുകൂലികള്‍ തടഞ്ഞു.
രാവിലെ തുറന്ന ഹോട്ടലുകള്‍ പോലും അടപ്പിക്കുകയായിരുന്നു. വാഹനം തടയാനും കടകള്‍ അടപ്പിക്കാനും എത്തിയവരെ നായന്മാര്‍മൂല, അണങ്കൂര്‍, കുമ്പള തുടങ്ങി സ്ഥലങ്ങളില്‍ പോലിസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ഹര്‍ത്താലിനെ ഭയന്ന് പെട്ടിക്കടകള്‍ പോലും തുറന്നില്ല. കാസര്‍കോട് താലൂക്കില്‍ മിക്കയിടത്തും ഹര്‍ത്താ ല്‍ ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു. ജില്ലയില്‍ ചില ഭാഗങ്ങളില്‍ ഇന്നലെ രാവിലെ കെഎസ്ആര്‍ടിസി ബസിന് നേരേ കല്ലേറുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി.
രാവിലെ കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്കും കാഞ്ഞങ്ങാട്-ചന്ദ്രഗിരി റൂട്ടിലും ദേശീയപാതയിലും സര്‍വീസ് നടത്തിയെങ്കിലും കുമ്പള മാവിനക്കട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ കണ്ടക്ടര്‍ ബായാറിലെ ദേവപ്പക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബസ് സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നും ജില്ലയിലെ മലയോര ഭാഗങ്ങളിലേക്കും കണ്ണൂര്‍ ജില്ലയിലേക്കും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. ഞായറാഴ്ച രാത്രി മഞ്ചേശ്വരത്ത് കടകള്‍ ഒരു സംഘം അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പോലിസ് ഗ്രനേഡ് പ്രയോഗിച്ചു. ഇതേ തുടര്‍ന്നുണ്ടായ കല്ലേറിലും കുപ്പിയേറിലും രണ്ടുപോലിസുകാര്‍ക്ക് പരിക്കേറ്റു.
അതേസമയം സാമൂഹിക മാധ്യമങ്ങളിലും മറ്റു തരത്തിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരേ പോലിസ് കേസ് എടുത്തു. യാതൊരുവിധ സംഘടനയുടെ പിന്തുണയോ നേതൃത്വമോ ഇല്ലാതെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച് ഹര്‍ത്താലിനു നേതൃത്വം കൊടുക്കുകയും ആഹ്വാനം ചെയ്തവര്‍ക്കെതിരെയുമാണ് ജില്ലാ പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top