കാസര്‍കോട് നഗരസഭാ ഓവര്‍സിയറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

കാസര്‍കോട്: നഗരസഭാ ഓവര്‍സിയര്‍ സിഎസ് അജിതയെ സസ്‌പെന്‍ഡ് ചെയ്തുള്ള നഗരസഭ അധികൃതരുടെ ഉത്തരവ് എല്‍എസ്ജിഡി ചീഫ് എന്‍ജിനിയര്‍ റദ്ദാക്കി. ഓവര്‍സിയര്‍ക്കെതിരെ ഉന്നയിച്ച പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടപടി നിയമവിരുദ്ധമായാണെന്ന് തെളിയുകയും ചെയ്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നതെന്ന് ചീഫ് എന്‍ജിനിയറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കി കൊണ്ടുള്ള ചീഫ് എന്‍ജിനിയറുടെ ഉത്തരവ് നഗരസഭ സെക്രട്ടറിക്ക് ലഭിച്ചത്. ഓഫിസില്‍ എത്തി ഉത്തരവ് കൈപ്പറ്റിയ ഓവര്‍സിയര്‍ സി എസ് അജിത ഇന്നലെ തന്നെ ഹാജര്‍ ബുക്കില്‍ ഒപ്പിട്ട് ജോലിക്ക് പ്രവേശിച്ചു. കഴിഞ്ഞ 19 ന് ചേര്‍ന്ന കാസര്‍കോട് നഗരസഭ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനമെന്ന് പറഞ്ഞാണ് അജിതയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ നല്‍കിയിരുന്നത്.
ബിപിഎല്‍ ഭവന നിര്‍മാണ പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കിയ ഗുണഭോക്താവിന് തുക അനുവദിക്കാതെ തടഞ്ഞുവെച്ചു നഗരസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ചാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ നഗരസഭ തീരുമാനം എടുത്തത്.
അഴിമതിക്കെതിരെ നിലപാടെടുക്കുകയും സര്‍ക്കാര്‍ പണം കൊള്ളയടിക്കാന്‍ വിടാതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥയെ പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചു സിപിഎം, സിപിഐ നേതൃത്വവും വിവിധ സംഘടനകളും സസ്‌പെന്‍ഷന്‍ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയും മിനുട്‌സും ആവശ്യപ്പെട്ട് സി പി എം കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകരും വെള്ളിയാഴ്ച നഗരസഭ സെക്രട്ടറിയെ ഓഫിസില്‍ ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  അജിതയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഓവര്‍സിയര്‍ക്കെതിരെ ആരോപണം ഉന്നയിച്ച പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ചീഫ് എന്‍ജിനിയര്‍ വിളിപ്പിച്ചിരുന്നു. ഇത് പരിശോധിച്ചാണ് എന്‍ജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടത് .

RELATED STORIES

Share it
Top