കാസര്‍കോട് ജില്ലാ പോലിസ് ഒന്നരവര്‍ഷത്തിനിടെ തെളിയിച്ചത് ഒമ്പത് കൊലക്കേസുകള്‍

കാഞ്ഞങ്ങാട്: ഒന്നര വര്‍ഷത്തിനിടെ ജില്ലയിലുണ്ടായ ഒമ്പത് കൊലക്കേസുകളില്‍ പ്രതികളെ പിടികൂടി പോലിസ് ചരിത്രം തിരുത്തി. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. രാവണീശ്വരത്ത് നടന്ന കുമാരന്‍ കൊലപാതകം മാത്രമാണ് 2016 ല്‍ നടന്നത്. ചീമേനിയിലെ ജാനകി ടീച്ചറുടെ കൊലപാതകം മുതല്‍ മഞ്ചേശ്വരത്ത് സ്വര്‍ണ വ്യാപാരി മന്‍സൂര്‍ അലിയുടെ കൊലപാതകം വരെ ഇതില്‍ ഉള്‍പ്പെടും.
ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തിലാണ് മൂന്ന് പ്രതികളെ അവസാനമായി അറസ്റ്റ് ചെയ്തത്.
നാട്ടുകാരും ജാനകി ടീച്ചറുടെ ശിഷ്യരുമായ പുലിയന്നൂരിലെ വിശാഖ് (25), റിനീഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 13നായിരുന്നു സംഭവം. അന്വേഷണം ഇതര സംസ്ഥാനങ്ങളിലടക്കം പല വഴികളിലൂടെയും തിരിഞ്ഞ് വന്ന് പുലിയന്നൂരും ചീമേനിയിലും തന്നെയാണ് എത്തിയത്. പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസില്‍ പട്‌ല കുഞ്ചാറിലെ അബ്ദുല്‍ ഖാദര്‍(26), കുതിരപ്പാടിയിലെ അസീസ്(23) എന്നിവരെ പോലിസ് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ പിടികൂടിയിരുന്നു. മറ്റൊരു പതിയായ കുമ്പളക്കടുത്തെ മാന്യയിലെ ഹര്‍ഷാദ്(30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ കോടതിയില്‍ അഭിഭാഷകന്‍ മുഖാന്തിരം കീഴടങ്ങിയിരുന്നു. മറ്റൊരു പ്രതിയായ സുള്ള്യ സ്വദേശി അസീസിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ജനുവരി 18നായിരുന്നു സുബൈദയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരിയ പൊടവടുക്കത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി ലീല(56) നവംബറില്‍ കൊല്ലപ്പെട്ടിരുന്നു. വീട്ടില്‍ നിര്‍മാണ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ അബുല്‍ശെയ്ഖിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പനയാലിലെ ദേവകി വധക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തി ല്‍ വ്യക്തമാക്കി.
ചെര്‍ക്കളയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ രണ്ടുസഹോദരങ്ങളെ കാസര്‍കോട് പോലിസ് നേരത്തെ അറസ്റ്റ് ചെയ്തതും കര്‍ണാടക ബാഗല്‍ക്കോട്ട് ജില്ലയിലെ ബൈരപ്പയുടെ മകന്‍ രങ്കപ്പ ഗാജി(27)യുടെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ബെല്‍ഗാം ജില്ലയിലെ സുരേബാന്‍ ഗ്രാമത്തിലെ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടള (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഴുവന്‍ കേസുകളിലും പ്രതികളെ പിടികൂടാനായത് ജില്ലാ പോലിസിന് അഭിമാനിക്കാനായി.

RELATED STORIES

Share it
Top