കാസര്‍കോട് ഐഎസ് കേസ് കൊല്ലപ്പെട്ട 7പേര്‍ ഉള്‍പ്പെടെ 11 പ്രതികള്‍ മോസ്റ്റ് വാണ്ടഡ്

തൃക്കരിപ്പൂര്‍: കാസര്‍കോട് ഐഎസ് കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍െപ്പടെ 11 പേരെ ദേശീയ അന്വേഷണ ഏജന്‍സി മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പെടുത്തി. പിടികൂടാന്‍ കഴിയാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാരുടെ പ്രേരണയില്‍ അവരോടൊപ്പം പോയെന്ന് കരുതുന്ന റഫീല, അജ്മല എന്നിവരെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പെടുത്തിയിട്ടില്ല.
2017 ജനുവരി 7നാണ് കേരളത്തിലെ ആദ്യ ഐഎസ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുല്ല ഒന്നാം പ്രതിയായാണ് ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചത്. കേസില്‍ പോലിസ് പിടികൂടിയ രണ്ടാം പ്രതി യാസ്മിന്‍ മുഹമ്മദിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, മുഹമ്മദ് സാജിദ് കുതിരുമ്മല്‍, ഷംസിയ കുറിയ, അഷ്ഫാഖ് മജീദ് കല്ലുകെട്ടിയപുരയില്‍, ഡോ. ഇഅ്ജാസ്, റഫീല എന്നിവര്‍ ജീവിച്ചിരിപ്പുള്ളതായി കരുതുന്ന പ്രതികളാണ്. ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണും സിം കാര്‍ഡുകളും ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ നിരോധിത ഐഎസ് പ്രചാരണ വീഡിയോകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. 2016 ജൂലൈ 10ന് ഉടുമ്പുന്തല സ്വദേശി ടി പി അബ്ദുല്ല പോലിസില്‍ നല്‍കിയ പരാതിയുടെ അന്വേഷണമാണ് കേസിന്റെ അടിസ്ഥാനം. ഒന്നര മാസം മുമ്പ് മുംബൈയിലേക്ക് പുറപ്പെട്ട മകന്‍ അബ്ദുല്‍ റാഷിദിനെയും ഭാര്യയെയും കുട്ടിയെയും കാണാനില്ലെന്നായിരുന്നു പരാതി. അടുത്ത ദിവസങ്ങളില്‍ സമാന സ്വഭാവത്തിലുള്ള എട്ട് തിരോധാന കേസുകള്‍ ചന്തേര പോലിസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
പിന്നീട് കാസര്‍കോട് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്പി സുനില്‍ ബാബുവാണ് കേസുകള്‍ സംയോജിപ്പിച്ച് മുന്നോട്ടുനീക്കിയത്. കേസുകള്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്് കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും യുഎപിഎ ചുമത്തുകയും ചെയ്തു. ഐഎസില്‍ ചേരാനായി പ്രതികള്‍ ഇന്ത്യ വിട്ടുപോയതായി കുറ്റപത്രത്തില്‍ പറയുന്നു.
റാഷിദ് അബ്ദുല്ല യാസ്മിനുമായി ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. ഒന്നാം പ്രതി യാസ്മിന് ഇന്ത്യയില്‍ നിന്ന് പുറത്തുകടക്കാന്‍ സാമ്പത്തിക സഹായം നല്‍കി. ഐഎസില്‍ ചേരുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊല്ലത്ത് ജോലി ചെയ്യുകയായിരുന്ന യാസ്മിന്‍ തന്റെ വിവാഹബന്ധം വേര്‍പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീടാണ് പടന്നയിലെ ഡോ. ഇഅ്ജാസിന്റെ വീട്ടില്‍ എത്തുന്നത്. യാസ്മിന്റെ കുട്ടിക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ ബിഹാറിലെ പട്‌നയില്‍ റാഷിദിനൊപ്പം ചെന്നിരുന്നു. കുട്ടിയുടെ പിതാവ് സയ്യിദ് അഹ്മദിന്റെ അനുവാദം ഇല്ലാതെയാണ് പാസ്‌പോര്‍ട്ട് എടുത്തത്.
ശ്രീലങ്കയില്‍ കൊളംബോ അല്‍ഖുമ പഠനകേന്ദ്രത്തില്‍ നിന്ന് തീവ്ര ആശയഗതിക്കാരായ പ്രതികളെ പറഞ്ഞുവിട്ട കാര്യം കുറ്റപത്രത്തില്‍ വിവരിക്കുന്നു. അഫ്ഗാനിസ്താനില്‍ നാങ്കര്‍ഹാര്‍ പ്രവിശ്യയിലാണ് കാണാതായവര്‍ കഴിയുന്നത്. പ്രതികള്‍ ഇന്ത്യ വിട്ട രീതി സംബന്ധിച്ച സൂചനകളില്ല. എന്നാല്‍ മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങളില്‍ പ്രതികള്‍ എത്തിയ രേഖകള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് ടെലിഗ്രാം ആപ്പ് വഴി ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഒരേ സ്ഥലത്ത് ഉള്ളതായി അനുമാനിക്കുന്നത്.

RELATED STORIES

Share it
Top